| Monday, 24th February 2020, 3:06 pm

ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും 8000 മൈല്‍ യാത്ര ചെയ്തു ഞങ്ങള്‍ വന്നത് ഒരു കാര്യം പറയാന്‍; മൊട്ടേറ സ്റ്റേഡിയത്തില്‍ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു തങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും. – ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

അഞ്ച് മാസം മുന്‍പ് ടെക്‌സാസിലെ വലിയൊരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പ്രധാനമന്ത്രി മോദിയെ അമേരിക്ക വരവേറ്റത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ സ്വീകരണം ഞങ്ങളൊരിക്കലും മറക്കില്ല.

ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകും- ട്രംപ് പറഞ്ഞു. ഇസ്‌ലാമിക ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യയും യു.എസും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്നും മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധകരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

തീവ്രവാദം ഇല്ലാതാക്കണമെന്ന് പാകിസ്ഥാനോട് ട്രംപ് ആവശ്യപ്പെട്ടു. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെ നയം അനുസരിച്ചാണ് അത്തരം തീരുമാനങ്ങള്‍.

പാക്കിസ്ഥാനുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണം.

തീവ്രവാദത്തിന് മുന്നില്‍ അതിര്‍ത്തികള്‍ അടയ്ക്കണം. ടൈഗര്‍ ട്രെയല്‍സ് എന്ന പേരില്‍ ഇന്ത്യ-അമേരിക്ക വ്യോമസേനകള്‍ സംയുക്ത പരിശീലനം സംഘടിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധസംവിധാനങ്ങളും അമേരിക്കയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി യു.എസ് മാറണം എന്നാണ് ആഗ്രഹം. ആ നിലയ്ക്കാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നത്. – ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വഗതം എന്നു പറഞ്ഞാണ് മോദി ട്രംപിനെ സ്വാഗതം ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more