വാഷിങ്ങ്ടണ്‍: കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം വൈകി പ്രസിഡണ്ട് ട്രംപ് 900 ബില്ല്യണ്‍ കൊവിഡ് 19 ദുരിതാശ്വാസ ബില്ലുകളില്‍ ഒപ്പിട്ടു. എല്ലാ വശങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് ട്രംപ് ബില്ല് പാസാക്കിയത്.
കൊവിഡ് 19 മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇത്തവണ വര്‍ധിപ്പിച്ചതായി വൈറ്റ്ഹൗസ് പറഞ്ഞു. കൊവിഡ് 19 ബാധിച്ചവര്‍ക്ക് വളരെ പെട്ടന്ന് ചികിത്സ നല്‍കാനും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമുള്ള പദ്ധതിയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ദുരിതാശ്വാസ ബില്ലുകളുമായി ബന്ധപ്പെട്ട് നല്ലൊരു വാര്‍ത്തയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും ബില്ലുകള്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. ക്രിസ്തുമസ് ദിനങ്ങളില്‍ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ച് സമയം ചിലവഴിച്ചിരുന്ന ട്രംപിനോട് എത്രയും പെട്ടെന്ന് ബില്ലുകളില്‍ ഒപ്പിടാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലാണ് മാറ്റങ്ങള്‍ വരുത്തി ട്രംപ് ഒപ്പിട്ടത്. അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ സഹായകമാവുന്ന രീതിയിലും അവരെ കൂടുതല്‍ സാമ്പത്തികമായി സഹായിക്കുന്ന തരത്തിലുമാണ് ബില്ലുകള്‍ ഉണ്ടാവേണ്ടതെന്ന് കോണ്‍ഗ്രസിനോട് പറഞ്ഞുവെന്ന് ബില്ലുകള്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് പറഞ്ഞു. കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലെ അനാവശ്യ ഉടമ്പടികള്‍ താന്‍ എടുത്തു കളയുന്നുവെന്നും ട്രംപ് പറഞ്ഞു.
ബില്ലില്‍ നിന്ന് അനാവശ്യ കാര്യങ്ങളെ ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം മികച്ചതാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി ജൂഡ് ഡെറി പറഞ്ഞു. വാക്‌സിന്‍ വിതരണം, വ്യവസായം, സംരക്ഷണം എന്നീ കാര്യങ്ങള്‍ക്കാണ് ബില്ലില്‍ പ്രാധാന്യം നല്‍കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ക്രിസ്തുമസിനും പുതുവര്‍ഷത്തിനും ശേഷം രാജ്യം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അധികൃതര്‍ ബില്ലില്‍ ഒപ്പിടാനായി ട്രംപിനോട് ആവശ്യപ്പെട്ടത്.
ട്രംപ് തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ഒപ്പ് വെക്കാന്‍ തയ്യാറാകാത്തതെന്ന് നേരത്തേ ബൈഡന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Donald Trump signs massive 900 billion covid 19 relief bill white house