World News
ട്രംപിന് നേരെ വെടിയുതിര്‍ത്തത് 20കാരനെന്ന് റിപ്പോർട്ട്; അന്വേഷണം ആരംഭിച്ച് എഫ്.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 14, 05:16 am
Sunday, 14th July 2024, 10:46 am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് 20കാരനെന്ന് റിപ്പോര്‍ട്ട്. എഫ്.ബി.ഐ സംഘത്തെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വെടിയുതിര്‍ത്തതിന് പിന്നാലെ അക്രമിയെ സുരക്ഷാ സംഘം കൊലപ്പെടുത്തിയിരുന്നു. ഇയാള്‍ പെന്‍സില്‍വാനിയ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റിരുന്നു.

കൊലയാളിയടക്കം രണ്ടുപേര്‍ മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ താൻ സുരക്ഷിതാനാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തി. തന്നെ സുരക്ഷിതമായി പെട്ടെന്ന് തന്നെ പുറത്തെത്തിച്ച സുരക്ഷാ സേനയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്റെ വലത് ചെവിയിലൂടെ വെടിയുണ്ട തുളഞ്ഞ് കയറിയെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

വേദിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടെ വെടിയൊച്ച ഉണ്ടാകുന്നതും പിന്നാലെ ട്രംപ് താഴെ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ അദ്ദേഹത്തിന്റെ വലത് ചെവിയിൽ നിന്ന് രക്തം ഒഴുകുന്നതും കാണാം.

സംഭവം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു. എന്നാൽ വെടിയേറ്റത് കൊണ്ടാണോ ചെവിയിൽ നിന്ന് രക്തം വന്നതെന്നോ, അല്ലെങ്കിൽ താഴെ വീണപ്പോൾ പരിക്കുപറ്റിയതാണെന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തത്.

സംഭവത്തെ അപലപിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. രാജ്യം ഒന്നടങ്കം ഈ സംഭവത്തെ അപലപിക്കുന്നു എന്നാണ് ബൈഡൺ എക്‌സിൽ കുറിച്ചത്. കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Donald Trump Shooter was Pennsylvanian man in his 20s, says police