വാഷിങ്ടണ്‍: കാനഡയെ അമേരിക്കയുടെ ഭാഗമാക്കി മാറ്റാനുള്ള ദുരാഗ്രഹം ഉപേക്ഷിക്കാതെ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസങ്ങളില്‍ കാനഡയെ അമേരിക്കയുടെ 51ാമത് സംസ്ഥാനമാകാന്‍ ക്ഷണിച്ച ട്രംപ് ഒരുപടികൂടി കടന്ന് കാനഡയെ അമേരിക്കയുടെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം പുറത്ത് വിട്ടു. ട്രംപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ട്രംപ് ഭൂപടം പുറത്ത് വിട്ടിരിക്കുന്നത്.
പുതിയ മാപ്പിന്റെ ചിത്രത്തിനൊപ്പം ഓഹ് കാനഡ! എന്ന അടിക്കുറിപ്പും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ കാനഡയിലെ ഭരണകക്ഷിയും ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിയുമായ ലിബറല്‍ പാര്‍ട്ടിയും ട്രംപിന്റെ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തി.
‘ട്രംപിന്റെ ഭൂപടത്തില്‍ ആശയക്കുഴപ്പം ഉള്ളവര്‍ക്കായി’ എന്ന അടിക്കുറിപ്പോടെ ലിബറല്‍ പാര്‍ട്ടി പങ്കുവെച്ച പോസ്റ്റില്‍ ഇരു രാജ്യങ്ങളെയും കറുപ്പ്, ചുവപ്പ് നിറങ്ങള്‍ ഉപയോഗിച്ച് വേര്‍തിരിച്ചിട്ടുണ്ട്. കറുപ്പ് നിറത്തില്‍ ഉള്ളത് കാനഡയാണ്. അതിനെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഭാഗമല്ലാത്തത്’ എന്ന് രേഖപ്പെടുത്തിയുട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ളതിനെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
For anyone who may be confused. pic.twitter.com/R0G1efkJUg
— Liberal Party (@liberal_party) January 7, 2025
കഴിഞ്ഞ ദിവസം കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കാനഡയിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ പൗരന്മാര്‍ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും കാനഡയക്ക് വേണ്ടി വന്‍ വ്യാപാര കമ്മിയും സബ്സിഡിയും വഹിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഈ കാര്യം ട്രൂഡോയ്ക്ക് മനസിലായത് കൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്നും ട്രംപ് പരിഹസിച്ചിരുന്നു. കാനഡ അമേരിക്കയുടെ ഭാഗമായാല്‍ ഒരുമിച്ച് നിന്ന് മികച്ചൊരു രാഷ്ട്രം തന്നെയുണ്ടാക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതാദ്യമായല്ല ട്രംപ് കാനഡയെ അമേരിക്കന്‍ സംസ്ഥാനമാകാന്‍ ക്ഷണിക്കുന്നത്. ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്ക ചുമത്തുന്ന നികുതി താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ കാനഡയെ 51ാമത് സംസ്ഥാനമാക്കാമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ വേണമെങ്കില്‍ അതിന്റെ ഗവര്‍ണര്‍ ആക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം കാനഡയെ സ്വന്തമാക്കാന്‍ താന്‍ സൈനിക ശക്തിക്ക് പകരം സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കാനഡ ഏറ്റെടുക്കാന്‍ സൈന്യത്തെ ഉപയോഗിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Donald Trump shares distorted map showing Canada part of US, Trudeau’s Liberal Party reacts