| Monday, 14th September 2020, 10:33 am

'നിങ്ങളെന്തൊരു മഹത്തായ കാര്യമാണ് കൊവിഡ് പ്രതിരോധത്തില്‍ ചെയ്തത്'; മോദി വിളിച്ച് അഭിനന്ദിച്ചെന്ന് ട്രംപ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കൊവിഡ് ടെസ്റ്റിങ്ങ് നടത്തുന്നതില്‍ താനൊരു വലിയ കാര്യമാണ് ചെയ്തതെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നേട് പറഞ്ഞെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേ സമയം ഡെമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റായിരിക്കുന്ന സമയത്ത് സ്വയിന്‍ ഫ്‌ളൂ തടയുന്നതില്‍ ജോ ബൈഡന്‍ പരാജയപ്പെട്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.

” ഇതിനോടകം ഇന്ത്യയേക്കാള്‍ കൂടുതല്‍ ടെസ്റ്റിങ്ങുകള്‍ അമേരിക്ക നടത്തി. ഇന്ത്യ കൊവിഡ് ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നമ്മള്‍ ഇന്ത്യയേക്കാള്‍ 44 മില്ല്യണ്‍ ടെസ്റ്റുകളാണ് അധികം നടത്തിയത്.

ഇന്ത്യയില്‍ 1.5 ബില്ല്യണ്‍ ജനങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ച് പറഞ്ഞത് ടെസ്റ്റിങ്ങില്‍ എത്ര മികച്ച പ്രവര്‍ത്തനമാണ് താങ്കള്‍ ചെയ്തത് എന്നാണ്”, നെവാഡയിലെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ അമേരിക്കയിലെ ഇന്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മോദി ട്രംപിനെ പ്രശംസിക്കുന്ന പരസ്യ വീഡിയോയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുകയാണെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചിരുന്നു.

സംഭവത്തില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം നടത്തിവരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി അംഗങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

അംഗങ്ങള്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാമെന്നും ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നുമായിരുന്നു വിദേശരാജ്യങ്ങളില്‍ ബി.ജെ.പി പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗതെവാല പറഞ്ഞത്. അതേ സമയം സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകുന്നവര്‍ ബി.ജെ.പി ചിഹ്നമോ, ബി.ജെ.പി, ഒ.എഫ്.ബി.ജെ.പി പേരോ ഉപയോഗിക്കരുത് എന്ന നിര്‍ദേശവും അദ്ദേഹം നല്‍കിയിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ആഴ്ത്തിലുള്ള സൗഹൃദമാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ വംശജയായ ഒരാള്‍ യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നത് സന്തോഷമുണ്ടാക്കുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അതത് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതിന്റെ നടപടി ക്രമങ്ങളില്‍ ബി.ജെ.പിക്ക് ഒരു വിധത്തിലുള്ള പങ്കുമില്ല വിജയ് ചൗതൈവാലെ പറഞ്ഞു.

ബി.ജെ.പി ട്രംപിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോദി ട്രംപിന്റെ പ്രചാരകനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തിവരികയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald trump says modi has congragulated him for covid testing

We use cookies to give you the best possible experience. Learn more