ഒടുവില്‍ ട്രംപ് വഴങ്ങി: കുടിയേറ്റക്കാരുടെ കുടുംബങ്ങളെ തമ്മില്‍ പിരിക്കില്ല
world
ഒടുവില്‍ ട്രംപ് വഴങ്ങി: കുടിയേറ്റക്കാരുടെ കുടുംബങ്ങളെ തമ്മില്‍ പിരിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st June 2018, 10:23 am

വാഷിങ്ടണ്‍: കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഭയാര്‍ത്ഥികളായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നുമകറ്റുന്ന നീക്കം നിര്‍ത്തലാക്കാന്‍ ട്രംപ് ഉത്തരവിട്ടു. ലോകവ്യാപകമായി ഉയരുന്ന എതിര്‍പ്പുകള്‍ക്കും, സഹപ്രവര്‍ത്തകരുടെയും പ്രതിപക്ഷത്തിന്റെയും നിര്‍ബന്ധത്തിനും വഴങ്ങിയാണ് ട്രംപ് കുടിയേറ്റക്കാരുടെ കുടുംബങ്ങളെ തമ്മില്‍ പിരിക്കുന്ന നടപടികള്‍ക്ക് അയവുവരുത്തിയത്.

അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്ന സംഘങ്ങളിലെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി പ്രത്യേകം ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മേയ് 5 മുതല്‍ അതിര്‍ത്തി കടന്നു വന്നിട്ടുള്ള 2,300 കുട്ടികളെയാണ് ഇങ്ങനെ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടു പോലെയുള്ള ക്യാമ്പ് മുറികളില്‍ താമസിപ്പിച്ചിട്ടുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊടിയ മനുഷ്യാവകാശ ലംഘനമാണിതെന്നു കാണിച്ച് ലോകജനത മുന്നോട്ടു വന്നിരുന്നു.

അനധികൃത കുടിയേറ്റത്തിനോടു സന്ധിചെയ്യില്ലെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും, സ്വന്തം ക്യാബിനറ്റില്‍ നിന്നും പ്രഥമവനിത മെലാനിയ ട്രംപില്‍ നിന്നു പോലും പ്രതിഷേധം നേരിടണ്ടിവന്നതോടെ നിലപാടില്‍ മാറ്റം വരുത്താന്‍ പ്രസിഡന്റ് നിര്‍ബന്ധിതനാവുകയായിരുന്നു. “കുടുംബങ്ങള്‍ തമ്മില്‍ പിരിയുന്ന കാഴ്ചയും അതിന്റെ ദുഃഖവും എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ കുടുംബങ്ങളെ ഇനി പിരിക്കില്ല.” എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പു വച്ചുകൊണ്ട് ട്രംപ് പറഞ്ഞു.


Also Read: മകന്റെ മരണത്തിന്റെ കാരണക്കാരെ വിമര്‍ശിക്കാന്‍ തനിക്കാരും പണം നല്‍കേണ്ടതില്ല; മന്ത്രി പീയുഷ് ഗോയലിന് രാധികാ വെമുലയുടെ മറുപടി


 

കുടിയേറ്റ നയത്തിലെ പുതിയ മാറ്റം നിലവില്‍ വന്നാലും, അതിര്‍ത്തിയിലെ നിയമനിര്‍വഹണം കൂടുതല്‍ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും ട്രംപ് പ്രതികരിച്ചു. മാതാപിതാക്കളില്‍ നിന്നും പിരിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തായതിനു ശേഷവും, ഈ വേര്‍പിരിക്കല്‍ നിയമാനുസൃതമാണെന്നായിരുന്നു ട്രംപിന്റെ പക്ഷം. പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂടിയതോടെ, ഒറ്റയടിക്ക് നയം മാറ്റുകയായിരുന്നു പ്രസിഡന്റ്.

രാജ്യസുരക്ഷ ഉറപ്പുവരുന്നതോടൊപ്പം തന്നെ കുടുംബങ്ങളെ ഒന്നിച്ചു നിര്‍ത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് ട്രംപ് പറയുന്നു. കുടിയേറ്റക്കാരോടുള്ള നയത്തില്‍ ഈ കടുംപിടിത്തം തുടര്‍ന്നില്ലെങ്കില്‍ രാജ്യത്ത് ജനസംഖ്യയും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യൂറോപ്യന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവര്‍ ട്രംപിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചു രംഗത്തു വന്നിരുന്നു.