| Wednesday, 23rd October 2024, 9:45 pm

യു.കെയിലെ ലേബര്‍ പാര്‍ട്ടി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഇടപെടുന്നതായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ വിജയിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ട്രംപ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ലേബര്‍ പാര്‍ട്ടിയും ഹാരിസും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ട്രംപ് പരാതി നല്‍കിയിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നാണ് ട്രംപിന്റെ വാദം.

ബ്രിട്ടന്റെ നിലവിലെ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ കെയര്‍ സ്റ്റാര്‍മറിനെതിരെയാണ് ട്രംപ് വിരല്‍ ചൂണ്ടുന്നത്. ലേബര്‍ പാര്‍ട്ടിയിലെ 100 ഓളം സ്റ്റാഫുകള്‍ യു.എസില്‍ വിവിധ സ്റ്റേറ്റുകളിലേക്ക് ഹാരിസിനായി യാത്ര ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും ട്രംപ് തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കുറെ കാലങ്ങളായി അവര്‍ ചെയ്യുന്നതാണെന്നും പരാതിയില്‍ പറയുന്നുന്നുണ്ട്.

എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കില്ലെന്നാണ് ബി.ബി.സിയുടെ വിലയിരുത്തല്‍. യു.കെയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന് മുമ്പും യു.എസിലെ തെരഞ്ഞെടുപ്പില് പങ്കാളികളായിട്ടുണ്ട്. ട്രംപിന്റെ തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിയും യു.കെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. കാരണം വിദേശത്ത് നിന്നുള്ള വളണ്ടിയര്‍മാര്‍ക്ക് യു.എസ് തെരഞ്ഞെടുപ്പില്‍ പണം കൈപ്പറ്റാതെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനുള്ള അനുവാദമുണ്ട്.

എന്നാല്‍ ട്രംപ് ഉന്നയിക്കുന്നത് പോലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹാരിസിനായി യാത്രകളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുകയോ ഫണ്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

2008ല്‍ ബരാക് ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ കാമ്പയിന് നേതൃത്വം കൊടുത്ത ഒരു ലേബര്‍ പാര്‍ട്ടി നേതാവ് ട്രംപിന്റെ ആരോപണങ്ങള്‍ വെറും പൊളിറ്റിക്കല്‍ സ്റ്റണ്ട് മാത്രമാണെന്നാണ് വിശേഷിപ്പിച്ചത്.

Content Highlight: Donald Trump says Labor party interfering in US election

We use cookies to give you the best possible experience. Learn more