| Thursday, 19th January 2023, 4:22 pm

മെറ്റയുമായി ചര്‍ച്ച നടത്തുന്നു; ഫേസ്ബുക്കിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കുമുള്ള തിരിച്ചുവരവിനെ കുറിച്ച് മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തന്റെ ക്യാമ്പെയിന്‍ ടീം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ഫോക്‌സ് ന്യൂസ് ഡിജിറ്റലിന് ബുധനാഴ്ച നല്‍കിയ പ്രതികരണത്തില്‍ ട്രംപ് പറഞ്ഞത്.

”ഞങ്ങള്‍ അവരുമായി സംസാരിക്കുകയാണ്. എല്ലാം എങ്ങനെ മുന്നോട്ട് പോകുമെന്ന് നമുക്ക് നോക്കാം.

അവര്‍ ഞങ്ങളെ തിരിച്ചെടുത്താല്‍, അതവര്‍ക്ക് വളരെയധികം സഹായകരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് അവരെ ആവശ്യമുള്ളതിനേക്കാള്‍ അവര്‍ക്ക് ഞങ്ങളെ ആവശ്യമുണ്ട്,” ട്രംപ് പറഞ്ഞു.

എന്നാല്‍ റിപ്പോര്‍ട്ടില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെറ്റ ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ രൂപീകരിച്ചിട്ടുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ട് വര്‍ഷം മുമ്പായിരുന്നു ട്രപിനെ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കിയത്..

വിഷയത്തില്‍ ജനുവരി ഏഴിനകം തീരുമാനമെടുക്കുമെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ജനുവരി അവസാനത്തേക്ക് നീണ്ടേക്കുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കാനും വിലക്ക് പിന്‍വലിക്കാനും ട്വിറ്ററിന്റെ പുതിയ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് തീരുമാനിച്ചിരുന്നു.

വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു 2021 ജനുവരി ആറിന് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നത്. യു.എസ് ക്യാപിറ്റോളില്‍ 2021 ജനുവരിയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്.

എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ഭൂരിഭാഗം പേരും വോട്ട് ചെയ്തുവെന്നാണ് മസ്‌ക് അവകാശപ്പെട്ടത്. മസ്‌ക് തന്നെയായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

ഒന്നര കോടിയിലധികം (15 മില്യണ്‍) പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇതില്‍ 51.8 ശതമാനം പേരും ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും മസ്‌ക് പറഞ്ഞു.

എന്നാല്‍ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ലെന്നും തന്റെ പുതിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ (Truth Social) തന്നെ തുടരുമെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്.

ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് (TMTG) സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമാണ് ട്രൂത്ത് സോഷ്യല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആപ്പ് ലോഞ്ച് ചെയ്തത്.

Content Highlight: Donald Trump says his campaign is talking with Meta about possible return to Facebook

We use cookies to give you the best possible experience. Learn more