|

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത കാറുകള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മിത കാറുകള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ രണ്ട് മുതല്‍ ഇത് നിലവില്‍ വരുമെന്നും ഏപ്രില്‍ മൂന്ന് മുതല്‍ നികുതി പിരിക്കുന്നത് ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അമേരിക്കയില്‍ നിര്‍മിക്കാത്ത എല്ലാ കാറുകള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്നും ഇത് സ്ഥിരമായിരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2.5 ശതമാനം അടിസ്ഥാന നിരക്കില്‍ നിന്നാണ് തങ്ങള്‍ നികുതി ആരംഭിച്ചതെന്നും, അത് 25 ശതമാനത്തിലേക്ക് എത്താന്‍ പോകുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഈ നീക്കം സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും നിങ്ങള്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്തത്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും പറഞ്ഞ ട്രംപ്, വാങ്ങുന്ന കാര്‍ അമേരിക്കയില്‍ തന്നെ നിര്‍മിച്ചതാണെങ്കില്‍ നികുതി ഉണ്ടാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നയത്തെക്കുറിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളുമായി കൂടിയാലോചിച്ചതായും താരിഫുകള്‍ ‘നെറ്റ് ന്യൂട്രല്‍’ ആയിരിക്കുമെന്നും അല്ലെങ്കില്‍ ടെസ്‌ലയ്ക്ക് നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കുമായി ബന്ധപ്പെട്ട് ഒരു കരാര്‍ ഉറപ്പാക്കുന്നതിന് ചൈനയ്ക്ക് താരിഫുകളില്‍ നേരിയ ഇളവ് വാഗ്ദാനം ചെയ്യാമെന്നും ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമെങ്കില്‍ ഒരു കരാറിനുള്ള സമയപരിധി നീട്ടാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിക്കുകയുണ്ടായി.

ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ചൈനീസ് ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ട്രംപിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമാണ് ഈ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരത്തെ തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും 25% നികുതി ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വെനസ്വേലയില്‍ നിന്ന് എണ്ണയോ ഗ്യാസോ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ഏപ്രില്‍ രണ്ട് മുതല്‍ അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചിരുനന്ത്.

വെനസ്വേലയുമായി വ്യാപാരം നടത്തുന്നതിനാലാണ് മറ്റ് രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്തുന്നതെങ്കില്‍ ട്രെന്‍ ഡി അരഗ്വ എന്ന ക്രിമിനല്‍ സംഘടനയുടെ ആസ്ഥാനമായതിനാലാണ് വെനസ്വേലയ്ക്ക് നികുതി ചുമത്തുന്നതെന്നാണ് ട്രംപ് പറയുന്നത്. ഏപ്രില്‍ രണ്ട് മുതലാണ് വെനസ്വേലയും യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്സിക്കോയ്ക്കും കാനഡയ്ക്കും ഉള്‍പ്പെടെ ചുമത്തിയ താരിഫ് പിരിവ് പ്രാബല്യത്തില്‍ വരുന്നത്.

Content Highlight:  Donald Trump says he will impose a 25 percent tariff on foreign-made cars imported into the US