നാല്‍പ്പത് ബില്യണ്‍ ഡോളര്‍ ഉക്രൈന് നല്‍കാന്‍ കഴിയുമെങ്കില്‍, ഇറാഖിലും അഫ്ഗാനിലും കോടികള്‍ ചെലവിടാന്‍ പറ്റുമെങ്കില്‍...; ടെക്‌സസ് വെടിവെപ്പില്‍ ബൈഡനോട് ട്രംപ്
World News
നാല്‍പ്പത് ബില്യണ്‍ ഡോളര്‍ ഉക്രൈന് നല്‍കാന്‍ കഴിയുമെങ്കില്‍, ഇറാഖിലും അഫ്ഗാനിലും കോടികള്‍ ചെലവിടാന്‍ പറ്റുമെങ്കില്‍...; ടെക്‌സസ് വെടിവെപ്പില്‍ ബൈഡനോട് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th May 2022, 5:12 pm

ന്യൂയോര്‍ക്ക്: സ്വന്തം രാജ്യത്തെ സ്‌കൂളുകളുടെ സുരക്ഷാ കാര്യങ്ങളേക്കാള്‍ ഉക്രൈനിലെ യുദ്ധമാണ് ബൈഡന്‍ സര്‍ക്കാരിന് കൂടുതല്‍ പ്രധാനപ്പെട്ടതെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ടെക്‌സസിലെ പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പ് 19 കുട്ടികളടക്കം 21 പേരുടെ മരണവും അമേരിക്കയും കടന്ന് ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെ പ്രതികരണം.

രാജ്യത്ത് തോക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യത്തിനെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.

തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം അത്യാവശ്യമാണെന്നും ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് നിയമത്തിന് അനുസൃതമായി ജീവിക്കുന്ന പൗരന്മാര്‍ക്ക് ആയുധം നല്‍കേണ്ടതിന്റെ പ്രധാന കാരണമെന്നുമായിരുന്നു നാഷണല്‍ റൈഫിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കൊണ്ട് നേരത്തെ ട്രംപ് പറഞ്ഞത്.

ഗണ്‍ ലോബിയെ പിന്തുണക്കുന്ന പ്രതികരണമായായിരുന്നു ഇത് വിലയിരുത്തപ്പെട്ടത്. ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്.

യു.എസിലെ സുരക്ഷാ കാര്യങ്ങളെ ഉക്രൈന് യു.എസ് നല്‍കുന്ന ധനസഹായവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ബൈഡന്‍ സര്‍ക്കാരിനെതിരായിരുന്നു ട്രംപിന്റെ പരാമര്‍ശം.

40 ബില്യണ്‍ ഡോളര്‍ ഉക്രൈന് നല്‍കാന്‍ കഴിയുമെങ്കില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് സുരക്ഷയൊരുക്കാനും പറ്റില്ലേ, എന്നാണ് സര്‍ക്കാരിനോട് ട്രംപ് ചോദിച്ചത്.

”ഉക്രൈനിലേക്ക് 40 ബില്യണ്‍ ഡോളര്‍ അയക്കാന്‍ യു.എസിന് പറ്റുമെങ്കില്‍, നമ്മുടെ കുട്ടികളെ വീടുകളില്‍ സുരക്ഷിതരാക്കി വെക്കാന്‍ എന്തും ചെയ്യാന്‍ നമുക്ക് സാധിക്കണം.

ശതകോടിക്കണക്കിന് രൂപയാണ് അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചെലവഴിച്ചത്, പക്ഷെ അതില്‍ നിന്ന് ഒന്നും കിട്ടിയില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിന് മുമ്പ് നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ രാജ്യത്ത് തന്നെ സുരക്ഷിതമായ സ്‌കൂളുകളാണ് നിര്‍മിക്കേണ്ടത്,” ട്രംപ് പറഞ്ഞു.

ഈയിടെയായിരുന്നു, യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി യു.എസ് 54 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ടെക്‌സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്.

സൗത്ത് ടെക്‌സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. 18 വയസുള്ള ഒരാള്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ റാമോസ് എന്ന 18കാരനാണ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്.

സാല്‍വദോര്‍ റാമോസിന്റെ കയ്യില്‍ സെമി ഓട്ടോമാറ്റിക് റൈഫിളും ഒരു ഹാന്‍ഡ് ഗണും ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാല്‍ റാമോസ് ക്രിമിനല്‍ പശ്ചാത്തലമോ മാനസിക പ്രശ്നങ്ങളോ ഉള്ള ആളല്ലെന്നും പൊലിസ് അറിയിച്ചിരുന്നു.

പതിനെട്ട് വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇയാള്‍ തോക്ക് വാങ്ങിയെന്നാണ് റിപ്പോട്ടുകള്‍ പുറത്തുവന്നത്. ഇതോടെയാണ് രാജ്യത്തെ തോക്കുനിയമങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യമുയരുന്നത്.

തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.

ടെക്സസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇപ്പോള്‍ ടെക്‌സസില്‍ നടന്നിരിക്കുന്നത്.

അതേസമയം, യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Donald Trump says Biden government gives more important to the rebuild of Ukraine than the security of schools in US