വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപ് ജൂനിയറിന് കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഐസൊലേഷനിലാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
ഈ ആഴ്ച ആദ്യം തന്നെ കൊവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായതിന് പിന്നാലെ ഐസൊലേഷനിലായതായും വക്താവ് അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും അദ്ദേഹം പാലിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
” ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ട്രംപ് ജൂനിയര്‍ ടെസ്റ്റ് നടത്തിയിരുന്നു, ഫലം വരുന്നതുവരെ അദ്ദേഹം ക്വാറന്റൈനില്‍ തുടരുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദ്ദേഹം ഐസൊലേഷനില്‍ കഴിയുന്നത്”, വൈറ്റ് ഹൗസ് വക്താവ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് പിടിപെട്ടിരുന്നു. ആശുപത്രി വാസത്തിന് ശേഷം മാസ്‌ക് ഇടാതെ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തതും വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ മാസ്‌ക് ഊരിയെറിഞ്ഞ ട്രംപിന്റെ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.
നേരത്തെ ട്രംപിനും ഭാര്യയ്ക്കും മകന്‍ ബാരോണിനും കൊവിഡ് പിടിപെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക