നികുതി വെട്ടിപ്പ് കേസ്; ഡൊണാള്‍ഡ് ട്രംപിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് 13 കോടി പിഴ
World News
നികുതി വെട്ടിപ്പ് കേസ്; ഡൊണാള്‍ഡ് ട്രംപിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് 13 കോടി പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2023, 10:35 am

വാഷിങ്ടണ്‍: നികുതി വെട്ടിപ്പ് കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് 16 ലക്ഷം ഡോളര്‍ (13 കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. ന്യൂയോര്‍ക്ക് കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ 15 വര്‍ഷമായി ട്രംപിന്റെ കമ്പനി നികുതി വെട്ടിച്ചുകൊണ്ട് അധികാരികളെ കബളിപ്പിക്കുകയാണ് എന്നാണ് കോടതി കണ്ടെത്തിയത്. മാന്‍ഹട്ടന്‍ ക്രിമിനല്‍ കോടതിയിലെ (Manhattan criminal court) ജസ്റ്റിസ് ജുവാന്‍ മെര്‍ചന്‍ (Juan Merchan) ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നികുതി വെട്ടിക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍, വ്യാജ ബിസിനസ് രേഖകള്‍ ഉണ്ടാക്കല്‍, ഗൂഢാലോചന എന്നിവയടക്കം 17 കുറ്റങ്ങളായിരുന്നു ട്രംപിന്റെ കമ്പനിക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്.

17 ക്രിമിനല്‍ കുറ്റങ്ങള്‍ തെളിയിക്കപ്പെടുന്ന ഒരു കമ്പനിക്ക് മേല്‍ ചുമത്താവുന്ന പരമാവധി പിഴശിക്ഷയായാണ് 16 ലക്ഷം ഡോളര്‍ ന്യൂയോര്‍ക്ക് കോടതി ജഡ്ജി ട്രംപിന്റെ കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണെന്നും നികുതി വെട്ടിപ്പിനെ കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് ട്രംപ് വിഷയത്തില്‍ പ്രതികരിച്ചത്. ട്രംപ് വിചാരണ നടപടികളുടെ ഭാഗമായിരുന്നില്ല.

കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന സമയത്ത് ട്രംപോ അദ്ദേഹത്തിന്റെ മക്കളോ കോടതിമുറിയില്‍ ഉണ്ടായിരുന്നില്ല.

ഇതിനിടെ ട്രംപിന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ ഒരാളെ കഴിഞ്ഞ ദിവസമായിരുന്നു നികുതിവെട്ടിപ്പ് കേസില്‍ അഞ്ച് മാസത്തെ തടവുശിക്ഷക്ക് വിധിച്ചത്. കോടതിയില്‍ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു.

അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പിഴയടക്കം നികുതി വെട്ടിപ്പിന് തുടര്‍ച്ചയായി ലഭിക്കുന്ന ശിക്ഷാ നടപടികള്‍ രാഷ്ട്രീയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രംപിനെതിരെ ഇനിയും നികുതിവെട്ടിപ്പ് അന്വേഷണങ്ങള്‍ തുടരും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Donald Trump’s real estate company fined 1.6m dollar for tax fraud