| Wednesday, 5th May 2021, 5:31 pm

തോല്‍പ്പിക്കാനാവില്ല ട്വിറ്ററേ...; ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതിന് പിന്നാലെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫേസ്ബുക്കും ട്വിറ്ററും ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ പുതിയ വഴി കണ്ടെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപ് ആരാധകര്‍ക്ക് ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി ഉപയോഗിച്ച് ഈ ബ്ലോഗുകള്‍ വായിക്കാന്‍ കഴിയും.

ഫ്രം ദി ഡെസ്‌ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ് എന്ന പേരിലുള്ള പേജിലാണ് ട്രംപിന്റേതായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മാര്‍ച്ച് മുതല്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ഈ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ബ്ലോഗില്‍ ട്വിറ്ററിലേക്ക് ഫേസ്ബുക്കിലേക്കും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രം ഇല്ല.

സേവ് അമേരിക്ക ആന്റ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ കമ്മിറ്റിയാണ് ഈ ബ്ലോഗിന്റെ ഫണ്ടിംഗ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് ബ്ലോഗില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ട്രംപ് സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ സജീവമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജെയ്സണ്‍ മില്ലര്‍ പറഞ്ഞത്.

തന്റെ സ്വന്തം പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നും ജെയ്സണ്‍ മില്ലര്‍ പറഞ്ഞിരുന്നു.

ക്യാപിറ്റോള്‍ കലാപത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചത്.

ക്യാപിറ്റോള്‍ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനങ്ങള്‍ ട്രംപ് നിരന്തരമായി ആവര്‍ത്തിച്ചതിന് പിന്നാലെ ട്വിറ്റര്‍ അദ്ദേഹത്തിന് സ്ഥിര വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Donald Trump’s New Social Media Platform After Twitter Ban

We use cookies to give you the best possible experience. Learn more