'ട്രംപിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ അടിമത്വ മനോഭാവമാണ് കാണിക്കുന്നത്'; ശിവസേന
national news
'ട്രംപിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ അടിമത്വ മനോഭാവമാണ് കാണിക്കുന്നത്'; ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 11:12 am

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിവസേന. ട്രംപിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ കാണിക്കുന്നത് ഇന്ത്യക്കാരുടെ അടിമത്വ മനോഭാവമാണെന്ന് സേന പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രംപിന്റെ ഇന്ത്യയിലേക്കുള്ള യാത്ര ചക്രവര്‍ത്തിയുടെ വരവ് പോലെയാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

” സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷ് രാജാവോ രാജ്ഞിയോ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ അവരുടെ അടിമകളെ സന്ദര്‍ശിക്കാന്‍ ചെല്ലാറുണ്ട്. നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് നടത്തുന്ന തയ്യാറെടുപ്പുകള്‍ അതിന് സമാനമാണ്.

ട്രംപിന്റെ സന്ദര്‍ശനത്തോട് ബന്ധപ്പെട്ട് അഹമ്മദാബാദ് ചേരിപ്രദേശത്ത് മതില്‍ നിര്‍മ്മിക്കുന്നതിനെതിനെയും സേന വിമര്‍ശിച്ചു.
ട്രംപിന്റെ കാവല്‍പ്പട കടന്നുപോകുന്ന വഴിയിലെ ചേരികള്‍ ഒളിപ്പിക്കാനുള്ള ശ്രമമാണിതെന്നും സേന പറഞ്ഞു.

” മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒരിക്കല്‍ ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. അത് കുറേ കാലം പരിഹസിക്കപ്പെട്ടു. ഇപ്പോള്‍ മോദി ഉയര്‍ത്തുന്നത് ഗരീബി ചുപ്പാവോ എന്നാണ്” മുഖപത്രത്തില്‍ പറയുന്നു.

”അഹമ്മദാബാദില്‍ അത്തരത്തിലൊരു മതില്‍ പണിയുന്നതിന് സാമ്പത്തിക സഹായം കിട്ടുന്നുണ്ടോ? രാജ്യത്ത് ഉടനീളം അത്തരത്തില്‍ മതിലുകള്‍ പണിയാന്‍ അമേരിക്ക ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പോകുന്നുണ്ടോ? അത്ഭുതം തോന്നുന്നു”, മുഖ പ്രസംഗത്തില്‍ ചോദിക്കുന്നു.

ട്രംപിന്റെ വരവിനെതിരെ നേരത്തെ സി.പി.ഐയും സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കപ്പെടേണ്ടതാണ് എന്ന കാഴ്ച്ചപ്പാടാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഉള്ളതെന്നും ട്രംപിന്റെ വരവ് പലകാരണങ്ങള്‍കൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞിരുന്നു.