| Thursday, 6th February 2020, 9:28 am

'ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ്': നാന്‍സി പൊലോസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി.

”ഇന്ന്, പ്രസിഡന്റും സെനറ്റ് റിപ്പബ്ലിക്കന്‍മാരും അധാര്‍മ്മികതയെ സാധാരണവല്‍ക്കരിച്ച് നമ്മുടെ ഭരണഘടനയുടെ സന്തുലിതാവസ്ഥയെ നിരസിച്ചു” പൊലോസി പറഞ്ഞു.

സഭ പാസാക്കിയ ഇംപീച്ച്മെന്റ് ആര്‍ട്ടിക്കളില്‍ നിന്ന് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”അമേരിക്കയുടെ ജനാധിപത്യത്തിന് ഒരു വെല്ലുവിളിയായി നില്‍ക്കുകയാണ് പ്രസിഡന്റ്. ഈ സംഭവത്തോടെ മനസിലാകുന്നത് അദ്ദേഹം നിയമത്തിനും മുകളിലാണെന്നാണ്. വേണമെങ്കില്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ അഴിമതി നടത്താന്‍ സാധിക്കും”, അവര്‍ പറഞ്ഞു.

ഇംപീച്ച്‌മെന്റ് വിചാരണയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യു.എസ്.സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു.

അധികാര ദുര്‍വിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളാണ് ട്രംപിന് മേല്‍ ചുമത്തിയിരുന്നത്. ഈ രണ്ട് കുറ്റങ്ങളില്‍ നിന്നുമാണ് സെനറ്റ് ട്രംപിനെ കുറ്റ വിമുക്തനാക്കിയത്.

വോട്ടെടുപ്പിലൂടെയാണ് ട്രംപ് കുറ്റവിമുക്തനായത്. അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന കുറ്റത്തില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്ന കുറ്റത്തില്‍ 47നെതിരെ 53 വോട്ടുകള്‍ക്കുമാണ് ട്രംപിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയത്. സെനറ്റില്‍ ഭൂരിപക്ഷമുള്ളത് ട്രംപിന്റെ കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ്.

We use cookies to give you the best possible experience. Learn more