വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനുള്ളില്‍ ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജെയ്‌സണ്‍ മില്ലര്‍ പറഞ്ഞത്.
തന്റെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നും ജെയ്‌സണ്‍ മില്ലര്‍ പറഞ്ഞു.
ക്യാപിറ്റോള്‍ കലാപത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായ ഒരു പ്ലാറ്റ്‌ഫോമിലൂടെ വീണ്ടും സജീവമാകുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയത്.
ട്രംപിന്റെ പുതിയ പ്ലാറ്റ്‌ഫോം പുതിയ വഴിവെട്ടുമെന്നും എല്ലാ കളികളും മാറ്റി എഴുതുമെന്നും മില്ലര്‍ പറഞ്ഞു.
ട്രംപ് സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമാകുമെന്ന് പറയുമ്പോഴും അദ്ദേഹം ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ മില്ലര്‍ തയ്യാറായില്ല. ട്രംപ് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണ് എന്ന് മാത്രമാണ് മില്ലര്‍ പറഞ്ഞത്.
ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ വെച്ച് നിരവധി സാങ്കേതിക വിദഗ്ധരുമായി ട്രംപ് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കമ്പനികളും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.
ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചത്. ക്യാപിറ്റോള്‍ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനങ്ങള്‍ ട്രംപ് നിരന്തരമായി ആവര്‍ത്തിച്ചതിന് പിന്നാലെ ട്വിറ്റര്‍ അദ്ദേഹത്തിന് സ്ഥിര വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Donald Trump plans social media comeback, says adviser