വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയൊഴിയാന്‍ ഒരു മാസം മാത്രം അവശേഷിച്ചിരിക്കേ തന്റെ കൂട്ടാളികളെ ശിക്ഷാനടപടികളില്‍ നിന്നും രക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നും ട്രംപിന് അനുകൂലമായി അട്ടിമറികള്‍ നടന്നുവെന്നുമുള്ള സംഭവത്തില്‍ ഉള്‍പ്പെട്ടവരടക്കം 29 പേര്‍ക്ക് കൂടിയാണ് മാപ്പ് നല്‍കിയിരിക്കുന്നത്.
2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചെയര്‍മാനായ പോള്‍ മനഫോര്‍ട്ടിനാണ് ഇത്തരത്തില്‍ മാപ്പ് നല്‍കിയത്. 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണിന്റെ ഇ-മെയ്ല്‍ വിവരങ്ങള്‍ പുറത്തുവിട്ട വിക്കിലീക്‌സുമായി പോള്‍ മനഫോര്‍ട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് 2018ല്‍ കണ്ടെത്തിയിരുന്നു.
പോള്‍ മനഫോര്‍ട്ടിനെ കൂടാതെ ദീര്‍ഘകാലമായി ട്രംപിന്റെ ഉപദേഷ്ടാവായ റോജര്‍ സ്‌റ്റോണ്‍, മരുമകന്‍ ജറേദ് കുഷ്‌നറിന്റെ പിതാവായ ചാള്‍സ് കുഷ്‌നര്‍ എന്നിവര്‍ക്ക് കൂടി മാപ്പ് നല്‍കിയിട്ടുണ്ട്.
നികുതിയടക്കാത്തതിനും കേസില്‍ നിന്നും രക്ഷപ്പെടാനായി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും 2014ല്‍ ചാള്‍സ് കുഷ്‌നര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതില്‍ നിന്നാണ് ട്രംപ് ഇപ്പോള്‍ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ചാള്‍സിനെ ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പതിനാല് ഇറാഖ് പൗരന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ തടവിലാക്കപ്പെട്ട അമേരിക്കയുടെ ബ്ലാക്ക് വാട്ടര്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ട്രംപ് മാപ്പ് നല്‍കിയിരുന്നു. 2007ലാണ് ബ്ലാക്ക് വാട്ടര്‍ സുരക്ഷാ ജീവനക്കാര്‍ 14 ഇറാഖി പൗരന്മാരെ കൂട്ടക്കൊല ചെയ്തത്.
പോള്‍ സ്ലോവ്, ഇവാന്‍ ലിബര്‍ട്ടി, ഡസ്റ്റിന്‍ ഹേര്‍ഡ്, നിക്കോളാസ് സ്ലാട്ടന്‍ എന്നിവര്‍ ബാഗ്ദാദില്‍ നിരായുധരായി ഒത്തുകൂടിയ പൗരന്മാര്‍ക്ക് നേരെ മെഷിന്‍ ഗണ്ണും ഗ്രനേഡും ഉപയോഗിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ചുതെന്ന പതിനാല് ഇറാഖ് പൗരന്മാരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2007ല്‍ നടന്ന സംഭവം നിസൗര്‍ സ്‌ക്വയര്‍ കൂട്ടക്കൊല എന്ന പേരിലാണ് അറിയപ്പെടുന്നത്.
നാല് പ്രതികള്‍ക്കും മാപ്പ് നല്‍കിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്. യുദ്ധമേഖലയിലെ പൗരന്മാരുടെ ജീവിതത്തിന് അമേരിക്കന്‍ സൈന്യം ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് നാലു പ്രതികളെയും വെറുതെ വിടുന്ന ട്രംപിന്റെ നടപടിയെന്ന വിമര്‍ശനവും അന്താരാഷ്ട്ര തലത്തില്‍ ശക്തിയാര്‍ജിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക