| Wednesday, 20th January 2021, 1:38 pm

അവസാന മണിക്കൂറിലും തിരക്കിട്ട് പണിയെടുത്ത് ട്രംപ്; തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടത്തിയ അനുയായികളെയെല്ലാം രക്ഷപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും തിരക്കിട്ട് ഓഫീസ് ജോലികളില്‍ മുഴുകി ഡൊണാള്‍ഡ് ട്രംപ്. 140 പേരുടെ ദയാഹരജികളാണ് ട്രംപ് അംഗീകരിച്ചത്.

2016ലെ തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ട്രംപിന്റെ മുന്‍ ഉപദേഷ്ടാവും ക്യാംപെയ്‌നിലെ പ്രധാനിയുമായിരുന്ന സ്റ്റീവ് ബാനന്റെ ശിക്ഷയും ട്രംപ് റദ്ദാക്കി. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് ട്രംപ് ശിക്ഷയില്‍ മാപ്പ് നല്‍കിയത്.

യു.എസ് – മെക്‌സികോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് നടന്ന വീ ബില്‍ഡ് ദ വാള്‍ എന്ന ധനസമാഹരണ ക്യാംപെയ്‌നിലെ അട്ടിമറികളുടെ പേരിലായിരുന്നു ബാനണെ കഴിഞ്ഞ ആഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നത്.

ഇതുവരെ 73 പേരുടെ ശിക്ഷയാണ് ട്രംപ് റദ്ദാക്കിയത്. 70 പേരുടെ ശിക്ഷയില്‍ ഇളവ് നല്‍കുകയും ചെയ്തുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നേരത്തെയും 2016ലെ തെരഞ്ഞെടുപ്പിലെ അട്ടിമറികളുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ അനുയായികള്‍ക്ക് ട്രംപ് മാപ്പ് നല്‍കിയിരുന്നു. 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചെയര്‍മാനായ പോള്‍ മനഫോര്‍ട്ടിനാണ് ഇത്തരത്തില്‍ മാപ്പ് നല്‍കിയത്. പോള്‍ മനഫോര്‍ട്ടിനെ കൂടാതെ ദീര്‍ഘകാലമായി ട്രംപിന്റെ ഉപദേഷ്ടാവായ റോജര്‍ സ്റ്റോണ്‍, മരുമകന്‍ ജറേദ് കുഷ്നറിന്റെ പിതാവായ ചാള്‍സ് കുഷ്നര്‍ എന്നിവര്‍ക്ക് കൂടി മാപ്പ് നല്‍കിയിരുന്നു.

14 ഇറാഖ് പൗരന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ തടവിലാക്കപ്പെട്ട അമേരിക്കയുടെ ബ്ലാക്ക് വാട്ടര്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ട്രംപ് മാപ്പ് നല്‍കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ബൈഡന്‍ അധികാരമേല്‍ക്കുന്ന ദിവസം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കനത്ത സുരക്ഷയിലായിരിക്കും അധികാരമേല്‍ക്കുന്ന ചടങ്ങുകള്‍ നടക്കുക.

സ്റ്റീവ് ബാനണ്‍

വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ നടക്കുക.

സുരക്ഷാ ഭീഷണിയുള്ളതിനാല്‍ 1000 പേര്‍ മാത്രമായിരിക്കും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുക. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന പതിവ് ഇത്തവണയില്ല. ഡൊണാള്‍ഡ് ട്രംപ് ചടങ്ങുകള്‍ക്കെത്തില്ല.

അതേസമയം ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ട്രംപ് വിടവാങ്ങല്‍ സന്ദേശം പുറത്ത് വിട്ടു. സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് പറഞ്ഞു. ട്രംപ് രാവിലെ വൈറ്റ് ഹൗസ് വിടുമെന്നാണ് സൂചന.

ബൈഡന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ സന്ദേശം. അതേസമയം ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമ പ്രവര്‍ത്തനങ്ങളെ ട്രംപ് എതിര്‍ക്കുകയും ചെയ്തു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരക്ഷ കണക്കിലെടുത്ത് രണ്ട് ദിവസത്തക്ക് ക്യാപിറ്റോള്‍ മന്ദിരം അടച്ചിട്ടിരിക്കുകയാണ്. 25000ത്തിലധികം ദേശീയ സുരക്ഷാ ഗാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

എഫ്.ബി.ഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump pardons Bannon in final acts of clemency in last hours in office

We use cookies to give you the best possible experience. Learn more