| Wednesday, 20th January 2021, 8:37 pm

ബൈഡന് ട്രംപ് കരുതിവെച്ച സസ്പെൻസ് കുറിപ്പിന് പിന്നിൽ ഒരു കഥയുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൈഡന് ട്രംപ് കരുതിവെച്ച സസ്പെൻസ് കുറിപ്പിന് പിന്നിലെ രഹസ്യംവാഷിം​ഗ്ടൺ: അമേരിക്കയുടെ 45ാമത് പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം പടിയിറങ്ങിയിരിക്കുകയാണ്. അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ കാത്തുനിൽക്കാതെയാണ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങിയത്.

അദ്ദേഹത്തിന്റെ പ്രസം​ഗത്തിലും ബൈഡൻ ഭരണത്തിന് ആശംസകൾ നേർന്നതല്ലാതെ ജോ ബൈഡനെ കുറിച്ച് കൂടുതൽ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ട്രംപ് ബൈഡന് ഒരു കുറിപ്പ് വൈറ്റ് ഹൗസിൽ കരുതിവെച്ചു എന്ന റിപ്പോർട്ട് അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ഈ കുറിപ്പിൽ എന്തായിരിക്കും എന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.

ക്യാപിറ്റോൾ കലാപമുൾപ്പെടെ ഉണ്ടായ അമേരിക്കയിൽ ട്രംപ് ബൈഡന് കരുതിവെച്ച കുറിപ്പിൽ എന്തെങ്കിലും ആശ്ചര്യപ്പെടേണ്ടത് ഉണ്ടോ എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ ഈ കുറിപ്പിൽ അസ്വാഭാവികമായി ഒന്നുമില്ല എന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ഇത് മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീ​ഗൻ മുതൽ തുടങ്ങിയ ഒരു കീഴ് വഴക്കമാണ്. അധികാരം ഒഴിയുന്ന പ്രസിഡന്റ് പുതിയ പ്രസിഡന്റിന് ഒരു കുറിപ്പ് കൈമാറും. അല്ലെങ്കിൽ വൈറ്റ് ഹൗസിൽ ഏൽപ്പിക്കും. ഇതിന് മുൻപുള്ള പ്രസിഡന്റുമാരും ഇത്തരത്തിൽ ചെയ്തിരുന്നു.

ഇത് രഹസ്യസ്വഭാവമുള്ള കത്താണ്. എങ്കിലും പലപ്പോഴും മാധ്യമങ്ങളിലൂടെ ഈ കത്തുകളുടെ ഉള്ളടക്കം പുറത്തുവന്നിരുന്നു. ഇത്തവണ ട്രംപ് എഴുതിവെച്ച കുറിപ്പിൽ എന്താണ് എന്നത് സംബന്ധിച്ച സൂചനകളൊന്നും അമേരിക്കൻ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല.

2017ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാ​ക് ഒബാമ സ്ഥാനമൊഴിഞ്ഞപ്പോഴും ഡൊണാൾഡ് ട്രംപിന് ഒരു കുറിപ്പ് നൽകിയിരുന്നു. ജോർജ് ഡബ്ല്യു ബുഷും ഇത്തരത്തിൽ കുറിപ്പ് കൈമാറിയതിന് ശേഷമാണ് അധികാരം ഒഴിഞ്ഞത്.

വലിയ വിവാദങ്ങൾക്കും അട്ടിമറി നീക്കങ്ങൾക്കുമൊടുവിലാണ് അമേരിക്കയുടെ 45ാമത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസിൽ നിന്നിറങ്ങിയത് എന്നത് കൊണ്ടുതന്നെ ട്രംപ് ബൈഡനോട് എന്തായിരിക്കും പറഞ്ഞിരിക്കുക എന്നറിയാൻ എല്ലാവർക്കും വലിയ കൗതുകമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രെൻഡ് വ്യക്തമാക്കുന്നത്.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് കാത്തു നിൽക്കാതെയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങിയത്. ഫ്ളോറിഡയിലേക്കാണ് ഡൊണാൾഡ് ട്രംപും കുടുംബവും പോയത്. ഇതിന് മുൻപ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാർഡ് നിക്സൺ മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നിൽക്കാതെ വൈറ്റ് ഹൗസ് വിട്ടത്.

ബൈഡന് എല്ലാവിധ ആശംസകളും നേർന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് പുറത്തു പോയത്.
മാസ്ക് ധരിക്കാതെയാണ് യാത്രയയപ്പ് ചടങ്ങിനും ട്രംപ് എത്തിയത്. താങ്ക്യൂ ട്രംപ് എന്ന മുദ്രാവാ​ക്യം മുഴക്കി നിരവധി പേർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ എത്തിയിരുന്നു. മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മാർക്ക് മെഡോസ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് നടന്ന ട്രംപിന്റെ യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഡൊണാൾഡ് ട്രംപിന്റെ കുടുംബാം​ഗങ്ങളെല്ലാവരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപും ചടങ്ങിൽ സംസാരിച്ചു.

എല്ലാ കാര്യങ്ങളും അതിസങ്കീർണമാണ്. ശ്രദ്ധാപൂർവ്വം പ്രവർത്തിക്കണമെന്നും വിടവാങ്ങൽ പ്രസം​ഗത്തിൽ ട്രംപ് പറഞ്ഞു. ഒമ്പത് മാസം കൊണ്ട് കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ സാധിച്ചത് മെഡിക്കൽ ചരിത്രത്തിലെ വിസ്മയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
നിങ്ങൾ അത്ഭുതകരമായ ജനതയാണ്. ഇതൊരു മഹത്തായ രാഷ്ട്രമാണ്. നിങ്ങളുടെ പ്രസിഡന്റായി ഇരിക്കുക എന്നത് അഭിമാനകരമായിരുന്നു, ട്രംപ് പറഞ്ഞു. താനെല്ലാം ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump leaves white house; What is  behind the secret note

We use cookies to give you the best possible experience. Learn more