| Tuesday, 3rd November 2020, 7:01 pm

സര്‍വേയില്‍ ബൈഡന്‍ മുന്നിലെങ്കില്‍ ഗൂഗിള്‍ തിരയുന്നത് ട്രംപിനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സര്‍വേ ഫലങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ്. ഇതിനിടയില്‍ ഗൂഗിള്‍ സെര്‍ച്ച് ഡാറ്റകള്‍ പ്രകാരം അമേരിക്കന്‍ വോട്ടര്‍മാര്‍ കൂടുതലായി തിരയുന്നത് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെയാണ്.

തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പത്തെ ദിവസം പോലും ട്രംപിനായുള്ള ഗൂഗിള്‍ സെര്‍ച്ച് കൂടുകയും ബൈഡനായുള്ള തിരച്ചില്‍ കുറയുകയുമാണ് ചെയ്തത്. ഏകദേശ കണക്കുകള്‍ പ്രകാരം 45 ശതമാനം പേര്‍ ട്രംപിനെ ഗൂഗിളില്‍ തെരഞ്ഞിട്ടുണ്ട്. 23 ശതമാനം പേരാണ് ബൈഡനായാണ് ഗൂഗിള്‍ സെര്‍ച്ച് ചെയ്തത്.

വാഷിംഗ്ടണ്‍, അരിസോണ, വെര്‍മന്റ്, നെബ്രസ്‌ക, ഒരഗോണ്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ട്രംപിനായി കൂടുതല്‍ സെര്‍ച്ച് വന്നത്. ടെക്‌സസ്, കൊളംബിയ, ഓഹിയോ, എന്നിവിടങ്ങളിലും ട്രംപിനായി നിരവധി പേര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്.

അതേസമയം ട്രംപ് അടുത്തിടെ നടത്തിയ വംശീയ പരാമര്‍ശങ്ങള്‍, ട്രംപിനെ പ്രമുഖ റാപ്പര്‍ ലില്‍ വെയ്ന്‍ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത് തുടങ്ങിയവ സംബന്ധിച്ചാണ് ഗൂഗിളില്‍ സെര്‍ച്ച് വന്നത്.

കഴിഞ്ഞ ആഴ്ച ടെക്‌സസില്‍ ബൈഡന്റെ പ്രചാരണ ബസ്സിനെ റിപബ്ലിക്കന്‍ അനുയായികള്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ബൈഡനെ ഗൂഗിളില്‍ കൂടുതലും തിരഞ്ഞത്.

We use cookies to give you the best possible experience. Learn more