|

അമേരിക്ക പിടിച്ച് ട്രംപ്; സ്വിങ് സ്റ്റേറ്റുകളില്‍ ആധികാരിക വിജയം സ്വന്തമാക്കി അധികാരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. സ്വിങ് സ്റ്റേറ്റുകളില്‍ ഏഴിടത്തും മുന്നിലെത്തിയാണ് ട്രംപ് വിജയത്തിലേക്കെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത്.

മിഷിഗണ്‍, അരിസോണ, പെന്‍സില്‍ വാനിയ, നോവാഡ, വിസ്‌കോന്‍സന്‍, നോര്‍ത്ത് കരോലീന, ജോര്‍ജിയ എന്നീ ഏഴ് സ്വിങ് സംസ്ഥാനങ്ങളും ട്രംപിനൊപ്പമായിരുന്നു. അറബ് ഭൂരിപക്ഷമുള്ള മിഷിഗണില്‍ ആദ്യഘട്ടത്തില്‍ കമല ഹാരിസ് മുന്‍പില്‍ എത്തിയെങ്കിലും പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു.

അതേസമയം സെനറ്റിലും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം മറികടന്നു. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ പോപ്പുലര്‍ വോട്ടുകളിലും ട്രംപ് തന്നെയായിരുന്നു മുന്നില്‍ എത്തിയത്.

റിപബ്ലിക്കന്‍ ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് തന്റെ വിജയം, ചരിത്ര വിജയമാണെന്ന് അഭിപ്രായപ്പെട്ടു. ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാണ് വരാന്‍ പോകുന്നതെനന്നും ട്രംപ് അണികളോട് പറഞ്ഞു. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ വിജയിച്ചാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 195 ഇലക്ടര്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക.

Content Highlight: Donald Trump leading to victory in America