ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍.
ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്നയാളാണ് ബൈഡനെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ പരാമര്‍ശം.
‘ചൈനയുടെ ഭീഷണിയെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കണം. അക്കാര്യം നന്നായി അറിയാവുന്ന രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും അമേരിക്കയുമാണ്. ബൈഡന് ചൈന 1.5 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. വലിയൊരു വ്യവസായിയാണ് ബൈഡന്‍. അയാളെ വിലയ്ക്ക് വാങ്ങാമെന്ന് ചൈന കണക്കുകൂട്ടുന്നുണ്ട്. ഇതാണ് ബൈഡന് ചൈനയോടുള്ള മൃദുസമീപനത്തിന് കാരണം’, ട്രംപ് ജൂനിയര്‍ പറഞ്ഞു
അതേസമയം വ്യവസായികള്‍ക്കും സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കും ബൈഡന്റെ ഭരണം ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്റെ മകന്‍ ധാരാളം അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും ചൈനയെ കൂടാതെ റഷ്യയും ഉക്രൈനും ബൈഡനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ എനിക്ക് നന്നായി അറിയാം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബൈഡന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് സംബന്ധിച്ച് ട്രംപ് നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെയും ബൈഡന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ‘ഉറപ്പാണോ’എന്നാണ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് നടത്തിയ സമാന പ്രസ്താവന വീഡിയോയിലുണ്ട്.
ജോര്‍ജിയയിലെ മകോണില്‍ നടന്ന പ്രചരണ റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയായ ബൈഡനോട് മത്സരിക്കുന്നത് തനിക്ക് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. ഒപ്പം ബൈഡന്‍ അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ കമ്മ്യൂണിസം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ രാജ്യത്തേക്ക് ഒഴുക്കി വിടുമെന്നും ട്രംപ് പറഞ്ഞു.
ജോര്‍ജിയയിലും ഫ്‌ളോറിഡയിലും ട്രംപ് വെള്ളിയാഴ്ച പ്രചരണം നടത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളും 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ ട്രംപിനെയല്ല പിന്തുണയ്ക്കുന്നത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സര്‍വേയില്‍ പറയുന്നത്. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്തിടെ വന്ന സര്‍വേയിലെല്ലാം ബൈഡനാണ് വിജയ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ 17 പോയിന്റ് മുന്നിലാണെന്നായിരുന്നു പറഞ്ഞത്. യു.എസില്‍ നവംബര്‍ മൂന്നിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Donald Trump Junior Slams Joe Biden