| Thursday, 22nd October 2020, 10:24 pm

അവസാന അങ്കത്തിനായി ബൈഡനും ട്രംപും; ആദ്യ ഡിബേറ്റ് പോലെയാവുമോ എന്ന് ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള അവസാന സംവാദത്തിന് കളമൊരുങ്ങുന്നു. ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് (വെള്ളിയാഴ്ച)

ഡിബേറ്റ് നടക്കുന്നത്. 90 മിനുട്ടായിരിക്കും സംവാദം. ബെല്‍മെണ്ട് യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് സംവാദം. എന്‍.ബി.സി ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ക്രിസ്റ്റിന്‍ വെല്‍ക്കര്‍ ആണ് ഡിബേറ്റ് മോഡറേറ്റര്‍.

സെപ്റ്റംബറില്‍ നടന്ന ആദ്യ സംവാദം വലിയ വാര്‍ത്താ പ്രധാന്യമായിരുന്നു നേടിയത്. സംവാദം തര്‍ക്കത്തിലേക്ക് വഴിമാറിയത് വിവാദമായിരുന്നു. ബൈഡന്‍ സംസാരിക്കുന്നതിനിടയില്‍ 73 തവണയാണ് ട്രംപ് ഇടയ്ക്ക് കയറി സംസാരിച്ചത്. തര്‍ക്കമായി മാറിയ ഡിബേറ്റിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നിയമങ്ങളില്‍മാറ്റം വരുത്തിയിട്ടുണ്ട്.

ഇനി മുതല്‍ ഡിബേറ്റില്‍ ഒരാള്‍ സംസാരിക്കുന്നതിനിടയില്‍ കയറി സംസാരിക്കാന്‍ നോക്കുന്ന സ്ഥാനാര്‍ത്ഥിയുടെ മൈക്രോഫോണ്‍ കട്ട് ചെയ്യും. ഒക്ടോബര്‍ 15 നാണ് രണ്ടാമത്തെ ഡിബേറ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രംപിന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഡിബേറ്റ് നീട്ടി വെക്കുകയായിരുന്നു.

ആദ്യ ഡിബേറ്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ജോ ബൈഡന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്നു വിളിച്ചതിലാണ് ബൈഡന്‍ ഖേദം പ്രകടിപ്പിച്ചത്. ആ പ്രയോഗം ഒഴിവാക്കാമായിരുന്നെന്നാണ് ബൈഡന്‍ പറഞ്ഞത്.

Content Highlight: Donald Trump, Joe Biden Face Off In Final Presidential Debate

We use cookies to give you the best possible experience. Learn more