വാഷിങ്ടണ്‍: യു.എസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരവില്‍ ഒപ്പിടുമെന്ന വാര്‍ത്ത വൈറ്റ് ഹൗസ് സ്ഥിരീകരിക്കുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന പ്രധാന സേവനങ്ങളും പരിപാടികളും തുടര്‍ച്ച നല്‍കിക്കൊണ്ട് വകുപ്പ് അടച്ചുപൂട്ടാനുള്ള നടപടികള്‍ ഏറ്റവും പെട്ടെന്ന് തന്നെ സ്വീകരിക്കാനാണ് നിര്‍ദേശം. വിഷയത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണിനോട് നിര്‍ദേശിക്കുന്ന ഉത്തരവില്‍ ഒപ്പുവെയ്ക്കുന്ന ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാഭ്യസ വകുപ്പ് പിരിച്ചുവിടുന്നതിനായി കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും എന്നാല്‍ ട്രംപിന്റെ ഉത്തരവ് യഥാര്‍ത്ഥ നടപടികളിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.
വകുപ്പ് അടച്ചുപൂട്ടുന്നതിന് സെനറ്റില്‍ 60 വോട്ടുകള്‍ ആവശ്യമാണെന്നും എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് ഇപ്പോള്‍ 53 സീറ്റുകള്‍ മാത്രമേയുള്ളൂ അതിനാല്‍ കോണ്‍ഗ്രസില്‍ പാസാവാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ഫെഡറല്‍ ബ്യൂറോക്രസിയുടെ വീര്‍പ്പുമുട്ടലിന്റെ ഭാഗമാണ് ഈ വകുപ്പെന്നും ഇത് ഇല്ലാതാക്കുമെന്നും ട്രംപ് വളരെക്കാലമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഉത്തരവില്‍ ഒപ്പിടുമെന്ന വിവരങ്ങള്‍ വന്നത്.
ഭരണത്തില്‍ വന്നാല്‍ വളരെ നേരത്തെ തന്നെ താന്‍ ചെയ്യുന്ന മറ്റൊരു കാര്യം വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുക എന്നതാണെന്ന് ട്രംപ് 2023 സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.
Content Highlight: Donald Trump is preparing to close the Department of Education: White House confirms