World News
ബൈഡന്‍ നല്‍കിയ പൊതുമാപ്പുകള്‍ അസാധുവാക്കി ഡൊണാള്‍ഡ് ട്രംപ്; മാപ്പ് നല്‍കിയത് ഓട്ടോപെന്‍ ഉപയോഗിച്ചെന്ന് വാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 17, 08:47 am
Monday, 17th March 2025, 2:17 pm

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ പൊതുമാപ്പുകള്‍ അസാധുവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓട്ടോപെന്‍ ഉപയോഗിച്ചാണ് മാപ്പ് നല്‍കിയതെന്നും ബൈഡനില്‍ നിന്നും ഇക്കാര്യത്തില്‍ നേരിട്ടുള്ള ഇടപെടലോ അറിവോ ഇല്ലാതെയാണ് മാപ്പ് നല്‍കിയതെന്നുമാണ് ട്രംപിന്റെ വാദം.

ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന അവസാന സമയത്ത് നല്‍കിയ മാപ്പുകളാണ് ട്രംപ് അസാധുവാക്കിയത്. ഓട്ടോപെന്നാണ് ഇതിന് പിന്നിലെന്നും മാപ്പ് നല്‍കാന്‍ സൗകര്യമൊരുക്കിയവര്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ട്രൂത്ത് സോഷ്യലില്‍ പബ്ലിഷ് ചെയ്ത പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി ആറിനുണ്ടായ ക്യാപിറ്റോള്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കിയ മാപ്പുകള്‍ക്ക് നിയമസാധുതയില്ലെന്നും ട്രംപ് പറഞ്ഞു.

‘അണ്‍സെലക്ട് കമ്മിറ്റി ഓഫ് പൊളിറ്റിക്കല്‍ തഗ്സിനും മറ്റ് പലര്‍ക്കും ‘സ്ലീപ്പി ജോ ബൈഡന്‍’ നല്‍കിയ മാപ്പ് ഓട്ടോപെന്‍ ചെയ്തതിനാല്‍ അസാധുവാണെന്നും ഇതിന് ഫലമൊന്നും ഇല്ലെന്ന് പ്രഖ്യാപിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജോ ബൈഡന്‍ അവയില്‍ ഒപ്പിട്ടിട്ടില്ല, പക്ഷേ, അതിലും പ്രധാനം അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലെന്നതാണ്, ‘ട്രംപ് പോസ്റ്റില്‍ പറയുന്നു.

മാപ്പ് നല്‍കലിനെ കുറിച്ച് ബൈഡന്‍ കൃത്യമായ ഒരറിവുമില്ലെന്നും ആവശ്യമായ മാപ്പുനല്‍കല്‍ രേഖകളൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് മകന്‍ ഹണ്ടര്‍ ബൈഡനെ വിവിധ കേസുകളില്‍ കുറ്റവിമുക്തനായി ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

സഹോദരന്മാരായ ജെയിംസ്, ഫ്രാന്‍സിസ് ബൈഡന്‍, സഹോദരി വലേരി ബൈഡന്‍ ഓവന്‍സ്, അവരുടെ പങ്കാളികള്‍ എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികള്‍ക്ക് ബൈഡന്‍ മുന്‍കൂര്‍ മാപ്പ് നല്‍കിയിരുന്നു.

കുടുംബത്തിന് പുറമേ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുന്‍ ചെയര്‍മാന്‍ വിരമിച്ച ജനറല്‍ മാര്‍ക്ക് മില്ലി തുടങ്ങിയ ഉന്നത വ്യക്തികള്‍ക്കും ബൈഡന്‍ മാപ്പ് നല്‍കിയിരുന്നു. ജനുവരി ആറിലെ ക്യാപിറ്റല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍ക്കും ബൈഡന്‍ മാപ്പ് നല്‍കിയിരുന്നു.

Content Highlight: Donald Trump invalidates Biden’s pardons; claims he used an autopen to grant pardons