| Friday, 19th May 2017, 10:51 am

യു.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു: ഹര്‍ജിയില്‍ ഒപ്പിട്ടത് പത്തുലക്ഷത്തിലേറെപ്പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പത്തുലക്ഷത്തിലേറെപ്പേര്‍ ഒപ്പുവെച്ചു. മസാച്യുസെറ്റ്‌സിലെ അഭിഭാഷകനായ ജോണ്‍ ബോനിഫെസാണ് ഹര്‍ജി തയ്യാറാക്കിയിരിക്കുന്നത്.

യു.എസ് ഭരണഘടനയിലെ വിദേശ, ആഭ്യന്തര വിഷയങ്ങളിലെ നിയമങ്ങളും മറ്റ് ഫെഡറല്‍ നിയമങ്ങളും ലംഘിച്ചെന്നാരോപിച്ചാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് ഹര്‍ജി തയ്യാറാക്കിയിരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസിന്റെ സമ്മതമില്ലാതെ പ്രസിഡന്റിന് വിദേശരാജ്യങ്ങളിലെ രാജാവില്‍ നിന്നോ രാജകുമാരനില്‍ നിന്നോ സമ്മാനമോ പ്രതിഫലമോ കൈപ്പറ്റരുതെന്നാണ് യു.എസ് ഭരണഘടനയിലെ വേതനവുമായി ബന്ധപ്പെട്ട വ്യവസ്ഥയില്‍ പറയുന്നത്.


Must Read:ഇത് സംവരണവിരുദ്ധര്‍ അഥവാ സാമ്പത്തിക സംവരണവാദികള്‍ വായിക്കാനുള്ളതാണ് 


ചരിത്രത്തിലെ ഈ നിര്‍ണായക വേളയില്‍ അമേരിക്കന്‍ ജനത അവരുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഈ ഹര്‍ജിയില്‍ ഒപ്പുവെച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നതെന്ന് ബോണിഫസ് അഭിപ്രായപ്പെട്ടു.

ഐസിസ് തീവ്രവാദികളുമായി ബന്ധപ്പെട്ട വളരെ രഹസ്യമായ ചില വിവരങ്ങള്‍ റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലോറോയ്ക്കും അംബാസിഡര്‍ സെര്‍ജി കിസ്ല്യാക്കുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് വെളിപ്പെടുത്തിയതായി തിങ്കളാഴ്ച വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടു വന്നതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ടെന്നും ഇത് കൂടുതലാളുകള്‍ ഇംപീച്ച്‌മെന്റിനുവേണ്ടി രംഗത്തുവരാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: ‘എന്റെ ജീവിതം എനിക്കുള്ളതാണ്’ എന്ന് നഫ്സീന: ആത്മഹത്യയ്ക്ക് കാരണം ദയനീയാവസ്ഥ തുറന്നുകാട്ടിയുള്ള മാധ്യമവാര്‍ത്തകളെന്ന് റിപ്പോര്‍ട്ട് 


കഴിഞ്ഞദിവസം യു.എസിലെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മൈക്ക് ഫ്‌ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്.ബി.ഐയോടു ട്രംപ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ ട്രംപ് നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ടെക്‌സസില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ഏല്‍ഗ്രീനാണ് യു.എസ് കോണ്‍ഗ്രസില്‍ ഈ ആവശ്യം ഉന്നയിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്നും ട്രംപിനെ പ്രസിഡന്റു സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നടപടികള്‍ സ്പീക്കര്‍ ആരംഭിക്കണമെന്നുമാണ് ഏല്‍ഗ്രീന്‍ സഭയില്‍ ആവശ്യപ്പെട്ടത്.

“ഇത് എന്നെ സംബന്ധിച്ചിടത്തോളം മനഃസാക്ഷിയുടെ പ്രശ്‌നമാണ്. അമേരിക്കന്‍ പൗരന്മാര്‍ ഈ വിഷയത്തില്‍ അഭിപ്രായം തുറന്നുപറയാന്‍ മടിക്കരുത്. കോണ്‍ഗ്രസ് അംഗങ്ങളെല്ലാവരും മനഃസാക്ഷിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ സ്വന്തം തീരുമാനത്തിലെത്തണം. രണ്ടായാലും പ്രസിഡന്റിനെ ഇംപീച്ചു ചെയ്‌തേ മതിയാകൂ, ഇതാണ് എന്റെ അഭിപ്രായം. ഇതില്‍ നിന്നു ഞാന്‍ മാറുകയില്ല”എന്നാണ് അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more