വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍ പാസാക്കി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.
100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്‍മാര്‍ കൂടി പിന്തുണക്കണം.
വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയുടെ 45ാമത് പ്രസിഡന്റ് പുറത്താക്കപ്പെടുന്നത്. അമേരിക്കയുടെ 245 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റുകൂടിയാണ് ഡൊണാള്‍ഡ് ട്രംപ്.
ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയാണ് എന്നാണ് വിചാരണ നടപടികള്‍ സെനറ്റിന് വിടുക എന്നതില്‍ തീരുമാനം എടുക്കുക.
” ഇന്ന് ആരും നിയമത്തിന് മുകളിലല്ല, അത് അമേരിക്കന്‍ പ്രസിഡന്റ് ആയാല്‍ പോലുമെന്നത് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് നമ്മുടെ രാജ്യത്തിന് അപകടമാണ്. ഇപ്പോള്‍ അമേരിക്കന്‍ ഭരണഘടനയെ രക്ഷിക്കുമെന്ന നമ്മുടെ പ്രതിജ്ഞയാണ് നാം നിറവേറ്റിയിരിക്കുന്നത്,” നാന്‍സി പെലോസി പറഞ്ഞു.
ബൈഡന്‍ അധികാരത്തില്‍ ഏറിയതിന് ശേഷം മാത്രമേ സെനറ്റില്‍ വിചാരണ നടക്കാന്‍ സാധ്യതയുള്ളൂ. അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്.
നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാകുന്നത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്.
ജനുവരി പതിനൊന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Donald Trump Impeached