| Monday, 1st February 2021, 8:52 am

ഒരു സംഘം തെറ്റിപിരിഞ്ഞു; ഇംപീച്ച്‌മെന്റ് നടപടികളില്‍ പുതിയ അഭിഭാഷകരെ നിയമിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍:  ക്യാപിറ്റോള്‍ കലാപത്തില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കേസില്‍ പുതിയ അഭിഭാഷകരെ നിയമിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന അഭിഭാഷകര്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയതിന് പിന്നാലെയാണ് ട്രംപ് പുതിയ അഭിഭാഷകരെ നിയമിച്ചത്.

അഭിഭാഷകരായ ഡേവിഡ് ഷോവന്‍, ബ്രൂസ് എല്‍ കാസ്റ്റര്‍ എന്നിവരായിരിക്കും ടീമിനെ ഇനി നയിക്കുക. കേസില്‍ ട്രംപിന്റെ വാദവുമായി ബന്ധപ്പെട്ട പ്രാഥമിക മെമ്മോ സെനറ്റില്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെയാണ് നേരത്തയുള്ള ലീഗല്‍ ടീം അംഗങ്ങള്‍ പുറത്തുപോയത്.

അടുത്തയാഴ്ച സെനറ്റില്‍ വിചാരണ ആരംഭിക്കുമെന്നിരിക്കെ ട്രംപിന്റെ പുതിയ ടീം അംഗങ്ങള്‍ക്ക് കേസ് പഠിക്കാന്‍ ചുരുങ്ങിയ സമയം മാത്രമാണ് ലഭിക്കുക.

ക്യാപിറ്റോള്‍ കലാപത്തിന് ആഹ്വാനം ചെയ്തതില്‍ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപിനെ യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു.

കേസില്‍ ട്രംപിന് തയ്യാറെടുക്കാന്‍ സമയം നീട്ടി നല്‍കാന്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും അഭിഭാഷകര്‍ അവസാന നിമിഷം പിന്‍വാങ്ങിയത് ട്രംപിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്.

ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump hires new impeachment defense team after lead lawyers quit

We use cookies to give you the best possible experience. Learn more