World News
ക്യാപിറ്റോള്‍ ആക്രമണം പാട്ടും കേട്ട് ആസ്വദിക്കുന്ന ട്രംപിന്റെയും കൂട്ടരുടെയും വീഡിയോ: മോദിയെ വീണ്ടും ഓര്‍മ്മിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 09, 07:30 am
Saturday, 9th January 2021, 1:00 pm

ന്യൂദല്‍ഹി: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിക്കുന്നവരെ സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുന്ന ട്രംപിന്റെയും അണികളുടെയും വീഡിയോ കഴിഞ്ഞ ദിവസം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ വീഡിയോക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. മോദിയുടെ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഓര്‍മ്മിപ്പിക്കണമെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്ത്.

‘തന്റെ ഗുണ്ടകളോട് ക്യാപിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ ശേഷം ട്രംപും മകനും അവരുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് അക്രമത്തിന്റെ ദൃശ്യങ്ങള്‍ ആസ്വദിക്കുകയാണ്. മോദിയുടെ പ്രണ്ടിനെ ഓര്‍മ്മിക്കൂ, അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

വാഷിംഗ്ടണിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മോദിയേയും ട്രംപിനേയും വിമര്‍ശിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. മോദിയും ട്രംപും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം വൈറലായ വീഡിയോയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും എറികും ഇവാങ്കയും ഉപദേശകനായ കിംബേര്‍ലി ഗ്വില്‍ഫോയിലും വൈറ്റ് ഉന്നത ഉദ്യോഗസ്ഥനായ മാര്‍ക്ക് മെഡോസും മറ്റുള്ളവരും ഒരു ടെന്റില്‍ നില്‍ക്കുന്നതാായാണ് കാണുന്നത്. തുടക്കത്തില്‍ ക്യാപിറ്റോളിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ടെന്റിനകത്തുള്ള മോണിറ്ററില്‍ കാണുന്ന ഇവരെയാണ് കാണാന്‍ സാധിക്കുന്നത്.

പിന്നീട് ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കിംബേര്‍ലിയും പോരാടൂ, ശരിയായ കാര്യം തന്നെ ചെയ്യൂ എന്ന് ആളുകളോട് ആഹ്വാനം ചെയ്യുന്നുണ്ട്. ആളുകളോട് നന്ദിയും പറയുന്നു. ടെന്റിനകത്ത് പാട്ട് വെച്ച് ഇവര്‍ ചെറിയ ചുവടുകള്‍ വെക്കുന്നതും വീഡിയോയിലുണ്ട്.

ക്യാപിറ്റോളില്‍ കൂടിച്ചേര്‍ന്ന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ വീഡിയോ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നമ്മുടെ രാജ്യം തിരിച്ചുപിടിക്കാനായി പോരാടണം ഞാനും നിങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നെല്ലാമായിരുന്നു ട്രംപ് ക്യാപിറ്റോള്‍ ആക്രമണത്തിന് തൊട്ടുമുന്‍പ് ട്രംപ് ജനങ്ങളോട് ആഹ്വാനം ചെയ്തത്.

ഇപ്പോള്‍ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കൃത്യമായ ആസൂത്രണത്തോടെ ട്രംപ് നടപ്പിലാക്കിയ ആക്രമണമായിരുന്നു ക്യാപിറ്റോളിലേതെന്നാണ് നിരവധി പേര്‍ പറയുന്നത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump family and party workers enjoying Capitol attack video, Prashant criticises and reminds Modi