| Friday, 1st January 2021, 9:11 am

'അമേരിക്കയില്‍ വിദേശികള്‍ക്ക് അടുത്ത കാലത്തൊന്നും ജോലി കിട്ടില്ല'; വിസാ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടിയത്.

‘കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചത്. മാത്രമല്ല അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയം,’ നിയന്ത്രണങ്ങള്‍ നീട്ടുകയാണെന്ന് അറിയിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. തൊഴിലില്ലായ്മ, ബിസിനസ് രംഗത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ കുറിച്ചും ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ തരം വിസകളെയാണ് ബാധിക്കുന്നത്. ഇത്തരം വിസകള്‍ ഉപയോഗിച്ചുകൊണ്ട് അമേരിക്കയില്‍ ജോലിക്കെത്താന്‍ ശ്രമിക്കുന്നവരെയാണ് ഈ നിയന്ത്രണങ്ങള്‍ ഗൗരവമായി ബാധിക്കുക.

ഐ.ടി സാങ്കേതിക മേഖലയില്‍ പ്രധാനമായും ഉപയോഗിക്കുന്ന എച്ച് -1ബി വിസ, കൃഷി ഇതര ജോലികള്‍ക്കെത്തുന്ന സീസണല്‍ ജോലിക്കാരുടെ എച്ച്-2ബി, കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ജെ-1 വിസ, എച്ച്-1ബി – എച്ച് – 2ബി വിസയുള്ളവരുടെ ദമ്പതിമാര്‍ക്കുള്ള വിസ, യു.എസിലേക്ക് ജോലിക്കാരെ റീലോക്കേറ്റ് ചെയ്യുന്നതിനാല്‍ കമ്പനികള്‍ നല്‍കുന്ന എല്‍ വിസ എന്നിവയെല്ലാം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്നായിരുന്നു വിലയിരുത്തലുകള്‍.

പുതുവര്‍ഷത്തില്‍ വാക്‌സിന്‍ കൂടി വരുന്നതോടെ കൊവിഡ് വ്യാപനത്തില്‍ കുറവ് വരുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ പുതിയ കൊറോണ സ്‌ട്രെയ്ന്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം മുഴുവന്‍ കൂടുതല്‍ ജാഗ്രതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

‘2021 മാര്‍ച്ച് 31 വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുക. ആവശ്യമെങ്കില്‍ ഇനിയും തുടരും. ഡിസംബര്‍ 31ന് ശേഷം 15 ദിവസം കഴിയുമ്പോഴും പിന്നീട് ഓരോ മുപ്പത് ദിവസം കഴിയുമ്പോഴും ഈ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം.’ ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാല്‍ കമ്പനികള്‍ കുറഞ്ഞ വേതനത്തില്‍ വിദേശ പൗരന്മാരെ ജോലിക്കെത്തിച്ച് ചൂഷണം തുടരുമെന്ന് ഫെഡറേഷന്‍ ഫോര്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ റിഫോം തലവന്‍ ആര്‍.ജെ ഹൗമാന്‍ അറിയിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്കൊപ്പമല്ലെന്നും ഹൗമാന്‍ വിമര്‍ശിച്ചു. വിദേശ പൗരന്മാരെ സംബന്ധിച്ച് ട്രംപ് നടപ്പിലാക്കിയ നിരവധി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് അനുയായികളുടെ വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump Extends Immigrant, Work Visa Restrictions Till March

We use cookies to give you the best possible experience. Learn more