വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റാവാന്‍ ഡൊണാള്‍ഡ് ട്രംപിന് ഒട്ടും ആഗ്രഹമില്ലായിരുന്നെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. മിക്കൈല്‍ വോള്‍ഫ് എന്ന മാധ്യമപ്രവര്‍ത്തകന്റെ “ഫയര്‍ ആന്റ് ഫ്യൂറി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്” എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയമറിഞ്ഞ് യു.എസിലെ പ്രഥമ വനിത മെലാനിയ ദു:ഖത്താല്‍ കരയുകയാണുണ്ടായതെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
യു.എസ് തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതായിരുന്നില്ല ട്രംപിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് അനുയായിയോട് പറഞ്ഞതായും പുസ്തകത്തില്‍ പറയുന്നു.
“ഫോക്‌സ് ന്യൂസിന്റെ മുന്‍ മേധാവിയും ഏറെക്കാലം ട്രംപിന്റെ സുഹൃത്തുമായിരുന്ന റോജല്‍ ഐലസ് ട്രംപിനോട് പറയാറുണ്ടായിരുന്നത് നിങ്ങള്‍ ടെലിവിഷനില്‍ ഒരു കരിയറുണ്ടാവണമെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ്.” പുസ്തകത്തില്‍ പറയുന്നു.
അതിനിടെ, പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്റേഴ്‌സ് നിഷേധിച്ചു.
“അതില്‍ ഒരു ചെറിയ സംഭാഷണം മാത്രമാണുളളത്. പ്രസിഡന്റ് ഓഫീസില്‍ ചുമതലയേറ്റതിനുശേഷം നടത്തിയ സംഭാഷണങ്ങളില്‍ വെറും അഞ്ചോ, ഏഴോ മിനുറ്റുള്ള ഒന്നുമാത്രമാണത്.” അവര്‍ പറയുന്നു.