ന്യൂയോര്‍ക്ക്: താന്‍ വംശീയവാദിയല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹെയ്തി, ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരെ അധിക്ഷേപിച്ചുളള തന്റെ പരാമര്‍ശം ഉയര്‍ത്തിയ വിവാദത്തെ പ്രതിരോധിച്ചുകൊണ്ടാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
തന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബ്ബില്‍ അത്താഴത്തിന് എത്തിയ വേളയിലാണ് ട്രംപ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ആളുകള്‍ താങ്കള്‍ വംശീയവാദിയാണെന്നാണ് കരുതുന്നത്, അതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന് ചോദിച്ചപ്പോഴായിരുന്നു ട്രംപ് താന്‍ വംശീയവാദിയല്ലെന്ന് പറഞ്ഞത്.
“അല്ല, അല്ല, ഞാന്‍ വംശീയവാദിയല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. “നിങ്ങള്‍ സംസാരിച്ചതില്‍വെച്ച് ഏറ്റവും കുറഞ്ഞ വംശീയവാദിയായ വ്യക്തി ഞാനായിരിക്കും എന്ന് എനിക്കു പറയാനാവും” എന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടന്ന ഒരു കൂടിക്കാഴ്ചയിലാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു മുമ്പാകെ ആഫ്രിക്കന്‍ രാജ്യങ്ങളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചത്. എന്തിനാണ് ഇത്തരം “ഷിറ്റ്ഹോള്‍” രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഭാരം യു.എസ് പേറുന്നതെന്നാണ് ട്രംപ് ചോദിച്ചത്.
“ഈ ഷിറ്റ്ഹോള്‍ രാജ്യങ്ങളില്‍ നിന്നും ഇവിടേക്കുവരുന്ന ജനങ്ങളെയെല്ലാം നമ്മളെന്തിനാണ് പേറുന്നത്?” എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഹെയ്ത്തിയന്‍സിനെയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഈ വാക്ക് ഉപയോഗിച്ചത്.
“എന്തിനാണ് ഇനിയും ഹെയ്ത്തിയന്‍സ്? അവരെ പുറത്താക്കൂ,” എന്നാണ് യോഗത്തില്‍ അദ്ദേഹം പറഞ്ഞത്. നോര്‍വെ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളെ കൂടുതലായി സ്വാഗതം ചെയ്യുകയാണ് യു.എസ് ചെയ്യേണ്ടതെന്നും യോഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു.