| Saturday, 27th July 2024, 10:16 am

ഇസ്രഈലിനെതിരെ കമല ഹാരിസ് നടത്തിയത് മര്യാദയില്ലാത്ത പരാമര്‍ശം: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള തന്റെ ബന്ധം എല്ലായ്‌പ്പോഴും ഊഷ്മളമാണെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഇരു നേതാക്കളും കണ്ടുമുട്ടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗസ വെടിനിര്‍ത്തല്‍ സംബന്ധിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.

യു.എസ് പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും കഴിഞ്ഞ ദിവസം നെതന്യാഹു സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് നെതന്യാഹു ട്രംപിന്റെ ഫ്‌ലോറിഡയിലെ റിസോര്‍ട്ടായ മാര്‍-എ-ലാഗോയിലേക്ക് പോയത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം.

നെതന്യാഹുവിനേയും ഭാര്യ സാറയേയും സ്വീകരിച്ച ട്രംപ് ഫലസ്തീന്‍ വിഷയത്തില്‍ കമല ഹാരിസിനെ വിമര്‍ശിക്കുകയും ചെയ്തു. ഇസ്രഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് കമല നടത്തിയ പരാമര്‍ശത്തെയാണ് ട്രംപ് വിമര്‍ശിച്ചത്. കമലയുടേത് മര്യാദയില്ലാത്ത പരാമര്‍ശമാണെന്നാണ് ട്രംപ് പറഞ്ഞത്.

‘ഇസ്രഈലിനെതിരെ കമല നടത്തിയ പരാമര്‍ശങ്ങള്‍ മര്യാദയില്ലാത്തതാണെന്ന് ഞാന്‍ കരുതുന്നു,’ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുന്നതും ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് അമേരിക്കയെ പിന്‍വലിച്ചതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍, തങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഗസയില്‍ നടക്കുന്ന ദുരന്തത്തിന് മുന്നില്‍ നിശബ്ദയായിരിക്കാനാവില്ലെന്നായിരുന്നുകമല ഹാരിസ് പറഞ്ഞത്. തീവ്രവാദം, അക്രമം, യഹൂദവിരുദ്ധത, ഇസ്ലാമോഫോബിയ, ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം എന്നിവയെ അപലപിക്കാന്‍ കമല ഹാരിസ് എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: Donald Trump criticize Kamala Harris’s statement against Israel

We use cookies to give you the best possible experience. Learn more