ഈ വിജയം നിങ്ങള്‍ അര്‍ഹിക്കുന്നു; മോദിയെ പുകഴ്ത്തി ട്രംപ്
World
ഈ വിജയം നിങ്ങള്‍ അര്‍ഹിക്കുന്നു; മോദിയെ പുകഴ്ത്തി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 10:16 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി.20 ഉച്ചകോടിയ്ക്കിടെ ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയ വേളയിലാണ് ട്രംപിന്റെ അഭിനന്ദനം.

‘ നിങ്ങള്‍ ഈ വിജയം അര്‍ഹിക്കുന്നു. ഒരുമിച്ചു നിര്‍ത്താന്‍ നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ആദ്യം ചുമതലയേറ്റെടുത്ത സമയം ഞാനോര്‍ക്കുന്നു, അന്ന് പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് വിഭാഗങ്ങളുണ്ടായിരുന്നു. ഇന്ന് നിങ്ങള്‍ എല്ലാവരേയും ഒരുമിച്ചു നിര്‍ത്തിയിരിക്കുന്നു.’ എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ അഭിനന്ദനം.

ഇറക്കുമതി തീരുവ, റഷ്യയുമായുള്ള ആയുധ കരാര്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും യു.എസും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സമയത്താണ് ഇരുനേതാക്കളും തമ്മിലുളള കൂടിക്കാഴ്ച നടന്നിരിക്കുന്നത്.

‘ ഞങ്ങള്‍ അടുത്ത സുഹൃത്തായിരിക്കുന്നു. നമ്മുടെ രാജ്യം ഇത്ര അടുത്തായ ഒരു കാലം ഇനിയില്ല. എനിക്കത് ഉറപ്പിച്ചു പറയാന്‍ കഴിയും. സൈന്യം, വ്യാപാരം തുടങ്ങിയ കാര്യങ്ങളിലുള്‍പ്പെടെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.’ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലാണുള്ളത്. അവിടെ അദ്ദേഹം ട്രംപ് ഉള്‍പ്പെടെയുളള ലോകനേതാക്കളുമായി ചര്‍ച്ച നടത്തും. ഒക്കാസയില്‍ ജൂണ്‍ 28-29 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്.