| Sunday, 3rd January 2021, 11:46 am

കസേര വിട്ടൊഴിയാതിരിക്കാന്‍ അറ്റകൈ പ്രയോഗവുമായി ട്രംപ്; വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനം വിട്ടുപോകാതിരിക്കാനായി അവസാന അടവും പയറ്റി ഡൊണാള്‍ഡ് ട്രംപ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്.

മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുക, അന്തസത്ത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് സമരമെന്നും വീഡിയോയില്‍ പറയുന്നു.

അതേസമയം സെനറ്റിലും ട്രംപ് കാര്യമായ ചരടുവലികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് ഫലത്തില്‍ എതിര്‍പ്പുണ്ടെന്ന് അറിയിച്ചിരുന്നു. വോട്ടുകള്‍ ഔദ്യോഗികമായി എണ്ണുന്നതിനു വേണ്ടി ബുധനാഴ്ച നടത്തുന്ന ജോയിന്റ് സെഷനില്‍ എതിര്‍പ്പറിയിക്കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

ഇലക്ട്രല്‍ കോളേജ് വോട്ടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സംസ്ഥാനങ്ങളില് പത്ത് ദിവസം നീളുന്ന അന്വേഷണം വേണമെന്നാണ് ഈ സെനറ്റര്‍മാരുടെ ആവശ്യം.

‘കോണ്‍ഗ്രസ് എത്രയും വേഗം ഇലക്ട്രല്‍ കോളേജ് കമ്മീഷനെ പ്രഖ്യാപിക്കണം. അവര്‍ക്ക് അന്വേഷണത്തിനും വിവരങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം.’ സെനറ്റര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടുകളും ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ബൈഡന് 303 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷവും പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഢാലോചനയ്ക്ക് പേരുകേട്ട അഭിഭാഷക സിഡ്നി പവല്‍, പുറത്താക്കപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന്‍ എന്നിവര്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയതിന് പിന്നാലെ ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടോ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സെനറ്റര്‍മാരെയും മാര്‍ച്ചിനെയും കൂട്ടിപ്പിടിച്ചുകൊണ്ട് അവസാന അങ്കത്തിന് ട്രംപ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump calls for protest march against President Election results, 11 Repulican senators oppose result

We use cookies to give you the best possible experience. Learn more