ന്യൂയോര്‍ക്ക്: പെന്‍സില്‍വാലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ സംഭവത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. കമലയും ബൈഡനും ചേര്‍ന്ന് തന്റെ സുരക്ഷ ഉറപ്പ് വരുത്തുന്ന സീക്രട്ട് സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്നും അതിനാലാണ് തനിക്ക് വെടിയേറ്റതെന്നായിരുന്നു ട്രംപിന്റെ ആരോപണം.
കഴിഞ്ഞ ദിവസം ഫില്‍ മക്‌ഗ്രോ ആതിഥേയത്വം വഹിച്ച ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. തനിക്ക് നേരെയുള്ള വെടിവെപ്പ് നടന്ന ശേഷം സീക്രട്ട് സര്‍വ്വീസിലെ പല ഏജന്റുമാരും അവധിയില്‍ പ്രവേശിച്ചെന്ന പുതിയ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘ഈ സംഭവം പരാമര്‍ശിക്കുമ്പോള്‍ ആളുകള്‍ ചോദിക്കും ആരാണ് ഈ കാര്യത്തില്‍ തെറ്റുകാരെന്ന്. എനിക്ക് തോന്നുന്നത് ഒരു പരിധി വരെ ഇത് ബൈഡന്റെയും ഹാരിസിന്റെയും തെറ്റ് ആണെന്നാണ്. ഞാനാണ് അവരുടെ എതിരാളി.
അവര്‍ ഗവണ്‍മെന്റിനെ എനിക്കെതിരെയുള്ള ആയുധമാക്കി മാറ്റുകയായിരുന്നു. അവര്‍ക്ക് എന്റെ ആരോഗ്യത്തിലോ സുരക്ഷയിലോ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല,’ ട്രംപ് പറഞ്ഞു.
രണ്ട് വര്‍ഷങ്ങളായി യു.എസ് മുന്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നത് സംബന്ധിച്ച പരാതികള്‍ കിട്ടിയിട്ടും സീക്രട്ട് സര്‍വ്വീസ് കാര്യമായ നടപടികള്‍ ഒന്നും എടുത്തിരുന്നില്ല എന്ന് സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ഒരു വിചാരണയ്ക്കിടെ ട്രംപിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സീക്രട്ട് ഏജന്‍സി പരാജയപ്പെട്ടു എന്ന കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍ മെമ്പേഴ്‌സിന്റെ ആരോപണത്തെ തുടര്‍ന്ന് ഏജന്‍സി ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവെച്ചിരുന്നു.
എന്നാല്‍ ട്രംപിന്റെ വാദങ്ങളെ ശെരിവെക്കുന്ന തരത്തില്‍ അന്നത്തെ അപകടത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും പങ്ക് ചൂണ്ടിക്കാണിക്കുന്ന യാതൊരു വിധ തെളിവുകളും ട്രംപിന് ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചിട്ടില്ല എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂലായില്‍ പെന്‍സില്‍വാലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് ട്രംപിനെതിരെ തോമസ് ക്രൂക്‌സ് എന്ന ചെറുപ്പക്കാരന്‍ വെടിയുതിര്‍ക്കുന്നത്. അക്രമത്തില്‍ ട്രംപിന്റെ ചെവിക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വെടിയുതിര്‍ത്ത തോമസ് ക്രൂക്‌സ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതിനാല്‍ അക്രമത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Content Highlight: Donald Trump blames Biden and Harris for assassination attempt