| Sunday, 22nd November 2020, 8:09 am

'സോറി, എനിക്ക് പറ്റില്ല'; തോല്‍വി സമ്മതിക്കാന്‍ പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാരോടും കോപിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ച ശേഷവും തോല്‍വി സമ്മതിക്കാതെ ഡൊണാള്‍ഡ് ട്രംപ്. വോട്ടെണ്ണലില്‍ തോല്‍വി ഉറപ്പായ സമയം മുതല്‍ വ്യാജ വോട്ട് ആരോപണങ്ങളുമായി രംഗത്തെത്തിയ ട്രംപ് അതേ വാദമാണ് സ്വന്തം പാര്‍ട്ടിക്കാരോടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

‘സോറി ലിസ്, തെരഞ്ഞെടുപ്പ് ഫലത്തെ വരെ മാറ്റിമറിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ നടന്ന ഒരു തെരഞ്ഞടുപ്പ് ഫലത്തെ അംഗീകരിക്കാന്‍ എനിക്കാവില്ല. ഞാന്‍ നമ്മുടെ ട്രൂപ്പ്‌സിനെ അവര്‍ക്ക് അര്‍ഹമായ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിക്കുന്നതിലേ അസന്തുഷ്ടിയാണ് നിങ്ങള്‍ക്ക്.’ ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിനോട് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷ ലിസ് ചെനേയ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് ട്രംപിന്റെ ഏറ്റവും പുതിയ ട്വീറ്റ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടി കൈയ്യൊഴിഞ്ഞെങ്കിലും ട്രംപ് ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും താനാണ് തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് നിരന്തരം ട്വീറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചില ട്വീറ്റുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

നീക്കം ചെയ്യാത്ത മറ്റു ചില ട്വീറ്റുകളില്‍ ‘തെരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള ഈ വാദങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു’ എന്നെഴുതിക്കാണിക്കുകയും ട്രംപിന്റെ വാദങ്ങളെ പൊളിക്കുന്ന വസ്തുകളടങ്ങിയ വാര്‍ത്തകള്‍ ഇതിനൊപ്പം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

കുറഞ്ഞത് ഓരോ 10 മിനിറ്റിലും ഒരു ട്വീറ്റ് എന്ന രീതിയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് അനുബന്ധ ട്വീറ്റുകള്‍ വരുന്നുണ്ട്. പക്ഷെ ജനങ്ങള്‍ക്കിടയിലോ സമൂഹ മാധ്യമങ്ങളിലോ ഇത് വലിയ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് നിരന്തരം ആരോപിച്ചുകൊണ്ടിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളിലെ വിജയിച്ച പ്രതിനിധികളുമായി കൂടിയാലോചിച്ച് പ്രസിഡന്റ് സ്ഥാനം തിരിച്ചുപ്പിടിക്കാനുള്ള ശ്രമങ്ങളും ട്രംപ് നടത്തുന്നുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ തന്ത്രം ഫലിക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്. സത്യപ്രതിജ്ഞാ സമയത്തും തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

ബൈഡന്‍ ചുമതലയേല്‍ക്കുന്ന 2021 ജനുവരി 20 മുതല്‍ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ ട്വിറ്റര്‍ നടത്തിവരികയാണ്. 2017ല്‍ പ്രസിഡന്റിന്റെ അധികാര കൈമാറ്റ സമയത്തെ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ട്.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റര്‍ അക്കൗണ്ടുകളായ @whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതോടെ പുതിയ പ്രസിഡന്റിന്റെ ഓഫീസിന് കൈമാറും. അതേസമയം, പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും ട്രംപിന് @realDonaldTrump എന്ന അക്കൗണ്ട് തുടര്‍ന്നും ഉപയോഗിക്കാനാവും. എന്നാല്‍ ലഭിച്ചുവന്നിരുന്ന പ്രത്യേക പരിഗണന ട്രംപിന്റെ ഈ സ്വകാര്യ അക്കൗണ്ടിന് ഇതോടെ നഷ്ടമാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump against Republicans for asking him accept election result

We use cookies to give you the best possible experience. Learn more