|

'എന്റെ അവസാന മുന്നറിയിപ്പ് കേട്ടില്ലെങ്കില്‍ നിങ്ങളില്‍ ഒരാള്‍ പോലും ബാക്കിയുണ്ടാകില്ല'; ഹമാസ് ഗസ വിടണമെന്ന് വീണ്ടും ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന് ഗസ വിട്ടുപോകാന്‍ അവസാനമായി ഒരു അവസരം കൂടിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈല്‍ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസ് നരകം അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഇസ്രഈലിന് വേണ്ടത്ര സഹായങ്ങള്‍ നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തന്റെ മുന്നറിയിപ്പ് കേള്‍ക്കാത്തപക്ഷം ഒരു ഹമാസ് അംഗം പോലും ഗസയില്‍ ബാക്കിയുണ്ടാകില്ലെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി.

‘ഗസയിലെ ജനങ്ങളെ കാത്തിരിക്കുന്നത് മനോഹരമായ ഭാവിയാണ്. പക്ഷെ നിങ്ങള്‍ ഇനിയും ബന്ദികളെ തടഞ്ഞുവെക്കുകയാണെങ്കില്‍ മരണമാണ് മുന്നില്‍,’ ട്രംപ് പറഞ്ഞു.

ഇതിനിടെ ഫലസ്തീന്‍ സായുധ സംഘടനയുമായി അമേരിക്ക നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഗസയില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ തടവുകാരുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് യു.എസിലെ ഉന്നത ഉദ്യോഗസ്ഥനായ ആദം ബോഹ്‌ലറെ അയച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു. ഗസയില്‍ ഇനി അവശേഷിക്കുന്ന അമേരിക്കന്‍ ബന്ദി എഡാന്‍ അലക്‌സാണ്ടര്‍ എന്ന വ്യക്തിയാണ്.

നേരത്തെ ഗസയില്‍ നിന്ന് ഫലസ്തീനികള്‍ കുടിയിറങ്ങണമെന്നും ഇവരെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും ട്രംപിന്റെ ആവശ്യം തള്ളുകയാണ് ചെയ്തത്.

നിലവില്‍ ഗസയുടെ പുനര്‍നിര്‍മാണത്തിനും ഭരണത്തിനുമുള്ള അറബ് ലീഗ് പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ട്.

കഴിഞ്ഞ ദിവസം ഗസയുടെ പുനര്‍നിര്‍മാണത്തിനായി ഈജിപ്ത് മുന്നോട്ടുവെച്ച 53 ബില്യണ്‍ ഡോളറിന്റെ പദ്ധതി ട്രംപ് അംഗീകരിച്ചിരുന്നു. അതേസമയം ഈജിപ്തിന്റെ പദ്ധതി ഹമാസിനെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടെ അറബ് രാജ്യങ്ങളുടെ യുദ്ധാനന്തര പദ്ധതി ഇസ്രഈല്‍ പൂര്‍ണമായും നിരസിക്കുകയും ചെയ്തു. പിന്നാലെയാണ് ഹമാസിന് ഇത് അവസാന മുന്നറിയിപ്പ് എന്ന് അറിയിച്ച് ട്രംപ് വീണ്ടും പ്രതികരിച്ചത്.

Content Highlight: Donald Trump again wants Hamas to leave Gaza