| Wednesday, 21st August 2019, 9:36 am

കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യ തള്ളുകയും ചെയ്തതിനു ശേഷം രണ്ടാമത്തെ തവണയാണ് സമാന ആവശ്യവുമായി യു.എസ് പ്രസിഡന്റ് രംഗത്തു വന്നത്.

‘എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും. മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്‌ലീംങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ്’- ട്രംപ് പറഞ്ഞു

കശ്മീരിലെ സാഹചര്യം കഠിനമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നു. സംഘര്‍ഷത്തിലൂടെ പോകാതെ ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നും ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ നല്ല സുഹൃത്തുകളാണെന്നും ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രകോപനമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ വിരുദ്ധ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മേഖലയിലെ ചില നേതാക്കളില്‍ നിന്ന് ഉണ്ടാവുന്നതെന്നാണ് മോദി ട്രംപിനെ അറിയിച്ചത്.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വീണ്ടും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ALSO WATCH

Latest Stories

We use cookies to give you the best possible experience. Learn more