| Saturday, 2nd January 2021, 11:10 am

ക്യൂബന്‍ ബാങ്കിനെ നിരോധിച്ച് ട്രംപ്; ഇതുകൊണ്ടൊന്നും ഞങ്ങളുടെ വിപ്ലവത്തെ തകര്‍ക്കാനാവില്ലെന്ന് ക്യൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ മിലിട്ടറിയെ സഹായിക്കുന്നുവെന്നും വെനസ്വേലയില്‍ ക്യൂബ നടത്തുന്ന ഇടപെടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ് നടപടി.

വെള്ളിയാഴ്ചയാണ് ബാങ്കോ ഫിനാന്‍സിയറോ ഇന്റര്‍നാഷണല്‍ എസ്.എ (ബി.എഫ്.ഐ)യെ ‘ക്യൂബന്‍ നിരോധിത പട്ടിക’യില്‍ ഉള്‍പ്പെടുത്തിയതായുള്ള ഉത്തരവ് അമേരിക്ക പുറത്തുവിട്ടത്. യു.എസ് അധികാരപരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഈ പട്ടികയിലുള്ള സ്ഥാപനങ്ങളുമായി ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദമില്ല. കര്‍ശനമായ നിയന്ത്രണമാണ് ഇക്കാര്യത്തില്‍ അമേരിക്ക നടപ്പിലാക്കുന്നത്.

സാമ്പത്തിക ഇടപാടുകളില്‍ നിന്നും ക്യൂബന്‍ ജനതക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മിലിട്ടറിയിലേക്ക് വഴിമാറി പോകുന്നത് തടയാനാണ് ക്യൂബയിലെ വിവിധ സ്ഥാപനങ്ങളെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞത്.

അമേരിക്കന്‍ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ക്യൂബ രംഗത്തെത്തി. ‘ക്യൂബക്കെതിരെയുള്ള ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ പുതിയ ശിക്ഷാനടപടിയെ ഞങ്ങള്‍ തിരസ്‌കരിക്കുന്നു.

ക്യൂബന്‍ സ്ഥാപനങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി ക്യൂബക്കെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. 62 വര്‍ഷത്തിനു ശേഷവും ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാനുള്ള ഈ നീക്കത്തിന് വിജയിക്കാനായിട്ടില്ല.’ ക്യൂബ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ട്വീറ്റ് ചെയ്തു.

പടിയിറങ്ങുന്നതിന് മുന്‍പ് ക്യൂബയെ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് ട്രംപ് തുടക്കം കുറിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയുക്ത വിദേശകാര്യ കമ്മിറ്റി ചെയര്‍മാനായ ഗ്രിഗറി മീക്ക്‌സ് നടപടിയെ എതിര്‍ത്തുകൊണ്ട് മുന്നറിയിപ്പുമായി രംഗത്തുവരികയായിരുന്നു. ക്യൂബക്കെതിരെയുള്ള നടപടി ബൈഡന്റെ കൈകള്‍ കെട്ടിവെക്കുന്നതിന് തുല്യമായിരിക്കുമെന്നായിരുന്നു ഗ്രിഗറി പറഞ്ഞത്.

ക്യൂബന്‍ ബാങ്കിനെ നിരോധിച്ച നടപടി ട്രംപിന്റെയും പോംപെയുടെയും അടുത്ത പ്രഹസന നാടകമാണെന്നും ഗ്രിഗറി കൂട്ടിച്ചേര്‍ത്തു.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ക്യൂബയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ സ്വീകരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.എസ്-ക്യൂബ ബന്ധം പുനസ്ഥാപിക്കുകയും മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബ സന്ദര്‍ശനം നടത്തുകയും ചെയ്ത സമയത്ത് ജോ ബൈഡനായിരുന്നു വൈസ് പ്രസിഡന്റ്. ക്യൂബയുമായുള്ള നയതന്ത്ര ബന്ധം സുഗമമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ബൈഡനായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump adds Cuban bank to US restricted list

Latest Stories

We use cookies to give you the best possible experience. Learn more