വാഷിങ്ടണ്‍: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരാഴ്ചക്ക് ശേഷം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച നടന്ന വധശ്രമത്തെ തുടര്‍ന്ന് ട്രംപ് സുഖം പ്രാപിച്ച് വരികയാണ്. സംഭവത്തിന് ശേഷമുള്ള തന്റെ ആദ്യ പ്രചാരണ റാലിയില്‍ താന്‍ ‘ജനാധിപത്യത്തിന് ഒരു വെടിയുണ്ട ഏറ്റെടുത്തു’ എന്ന് ട്രംപ് പ്രഖ്യാപിച്ചു.
ജൂലൈ 13-ന് പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ ചെവിയില്‍ വെടിയേറ്റ ട്രംപ് വലതു ചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് റാലിയില്‍ പങ്കെടുത്തത്. പ്രസംഗത്തിലൂടനീളം തനിക്ക് വെടിയേറ്റ സംഭവത്തൈക്കുറിച്ചാണ് ട്രംപ് കൂടുതലായി സംസാരിച്ചത്. സര്‍വശക്തനായ ദൈവത്തിന്റ കൃപായാല്‍ മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ ഈ സമയത്ത് താന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
‘ഇത് കൃത്യം ഒരാഴ്ചയും ഒരു മണിക്കൂറും ഒരു മിനിറ്റും തികയുന്നതിന് മുമ്പേയാണ് സംഭവിച്ചത്. സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയാല്‍ മാത്രമാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല,’ ട്രംപ് പറഞ്ഞു.
പരീക്ഷണത്തെ അതിജീവിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ട്രംപ് വധശ്രമത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചു. ‘എനിക്ക് ഇനി ഇത്തരം സംഭവങ്ങളിലൂടെ പോകേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അത് വളരെ ഭയാനകമായിരുന്നു,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്തതിന് പിന്നാലെ അക്രമിയെ സുരക്ഷാ സംഘം കൊലപ്പെടുത്തിയിരുന്നു. ഇയാള്‍ പെന്‍സില്‍വാനിയ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Donald Trump addressed first Rally after assassination attempt