| Tuesday, 28th February 2017, 5:29 pm

തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ഒബാമയെന്ന് ട്രംപ്; വൈറ്റ് ഹൗസിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതായും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: മുന്‍ അമേരിക്കന്‍ പസിഡന്റ് ബറാക്ക് ഒബാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അമേരിക്കയില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയാണെന്ന് ട്രംപ് പറഞ്ഞു. ഫോക്‌സ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ട്രംപ് തനിക്കും പാര്‍ട്ടിക്കുമെതിരെ ഒബാമ പ്രവര്‍ത്തിക്കുന്നതായ് ആരോപണം ഉന്നയിച്ചത്.


Also read ‘വന്ധ്യംകരിക്കുക തന്നെ വേണം’; സന്യാസത്തിനു ആവശ്യമില്ലാത്ത വസ്തു എന്തിനു വെറുതേ പ്രലോഭനങ്ങള്‍ക്കായി കൊണ്ടു നടക്കണം: ജോയ് മാത്യു 


“വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഒബാമയാണ്. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനു പിന്നില്‍ അദ്ദേഹമാണെന്നതില്‍ തനിക്ക് സംശയമില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയും തങ്ങളുടെ യോഗങ്ങള്‍ക്കെതിരെയും രാജ്യത്ത് അടുത്തി ഉയര്‍ന്ന പ്രതിഷേധങ്ങളെല്ലാം സംഘടിപ്പിച്ചത് മുന്‍ പ്രസിഡന്റിന്റെ അനുയായികളാണെ”ന്നും ട്രംപ് ആരോപണമുന്നയിച്ചു.

പ്രസിഡന്റിന്റെ കോഡിനെതിരായാണോ ഒബാമ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന് അങ്ങിനെ കരുതുന്നില്ലെന്നും തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നും ട്രംപ് പറഞ്ഞു. “ദേശീയ സുരക്ഷയെ തന്നെ ഇത് ബാധിച്ചേക്കാം. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു സംഘം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വളരെ ഗൗരവമായി തന്നെയിത് കാണേണ്ടതുണ്ട്. ഇവരുടെ രാഷ്ട്രീയമൊക്കെ എനിക്കും മനസ്സിലാകും.” ട്രംപ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ യാത്രാ വിലക്കിനെതിരെ ഒബാമ പരസ്യമായി രംഗത്ത് വന്നിരുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെയും മാധ്യമ വിലക്കിനെതിരെയും അമേരിക്കയില്‍ വ്യാപക പ്രതിഷേധങ്ങളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാറിനതെിരെ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് ആരോപണ മുന്നയിച്ച ട്രംപ് ഭരണകൂടം വൈറ്റ് ഹൗസില്‍ ചില മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ പ്രസിഡന്റിനെതിരെയും ട്രംപ് രംഗത്ത് വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more