മധ്യപൂര്‍വ്വ ദേശത്തെ മാതൃകാരാജ്യം യു.എ.ഇയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
World
മധ്യപൂര്‍വ്വ ദേശത്തെ മാതൃകാരാജ്യം യു.എ.ഇയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 6:42 pm

അബുദാബി: മധ്യപൂര്‍വ്വ ദേശത്തെ മാതൃകാരാജ്യം യു.എ.ഇയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്. ജെ. ട്രംപ്. ട്രംപും അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

സാമ്പത്തികം, വികസനം, വിദേശനയം തുടങ്ങിയ മേഖലകളില്‍ യു.എ.ഇയുടെ പ്രചോദനകരമായ മാതൃക സംബന്ധിച്ച് യു.എ.ഇ നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണെന്നും ട്രംപ് പറഞ്ഞു. രണ്ടു രാജ്യങ്ങളുടെയും ഭാവി വളര്‍ച്ച, സഹകരണം, പൊതു രാഷ്ട്രീയ ധാരണ എന്നിവ സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.


Also Read: ‘ചേച്ചീ കുറച്ചൂടെ ഗ്ലാസ് ഇടട്ടെ’; ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലെനയ്ക്ക് വന്‍വരവേല്‍പ്പുമായി ട്രോള്‍ ലോകം


മധ്യപൂര്‍വദേശത്തെ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. 2016-ല്‍ 25.7 ശതകോടി യു.എസ് ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയില്‍. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഈ സ്ഥാനം തുടരുന്നത്.

അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നേരത്തേ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നു. സൗദി അറേബ്യയിലെ മുസ്‌ലിം നേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്യും. “ഇസ്‌ലാമിലെ സമാധാന കാഴ്ചപ്പാട്” എന്ന വിഷയത്തെക്കുറിച്ചാണ് ട്രംപ് സൗദിയില്‍ സംസാരിക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.