മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദളിത് ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ യു.സി. രാമന്‍. മലപ്പുറത്ത് താന്‍ രണ്ട് തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നുവെന്നത് താങ്കള്‍ക്കറിയില്ലേയെന്നും താന്‍ പട്ടിക ജാതിക്കാരനായത് കൊണ്ടാണോ താങ്കളുടെ കണ്ണില്‍പ്പെടാത്തതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുസ്‌ലിം വിഭാഗത്തില്‍ നിന്നല്ലാത്ത ഒരാളെ ലീഗില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് യു.സി രാമന്റെ പ്രതികരണം.
‘വിനീതനായ ഞാന്‍ രണ്ടു തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നു എന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാന്‍ പട്ടികജാതിക്കാരനായത് കൊണ്ട് കണ്ണില്‍പ്പെടാത്തത് കൊണ്ടാണോ? ഞാനിന്ന് മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്, യു.സി രാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
താന്‍ മാത്രമല്ല നിരവധി പേര്‍ മുസ്‌ലിം ലീഗില്‍ നിന്ന് മത്സരിക്കുകയും ജനപ്രതിനിധികളാകുകയും ചെയ്തിട്ടുണ്ടെന്നും സാമാന്യ വര്‍ത്തമാന ചരിത്രം പോലും മനസ്സിലാക്കാതെയാണോ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളിയോട് യു.സി രാമന്‍ ചോദിച്ചു.
നൂറുകണക്കിന് ത്രിതല ജനപ്രതിനിധികളും ത്രിതല സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും മുസ്‌ലിം ലീഗ് ബാനറില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെന്നും ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെയും ആദിവാസി സമുദായക്കാരെയും ചേര്‍ത്ത് പിടിക്കുന്നതും അവര്‍ക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നതും മുസ്‌ലിം ലീഗ് എന്ന തന്റെ പാര്‍ട്ടിയാണെന്ന് താന്‍ അഭിമാനത്തോടെ പറയുമെന്നും നേതാവ് പറഞ്ഞു.
സവര്‍ണ സമുദായത്തിലെ മനുഷ്യര്‍ പോലും മുസ്‌ലിം ലീഗിന്റെ പ്രഭാഷകരും നേതാക്കളുമായി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയമുണ്ടെങ്കില്‍ അക്കമിട്ട് സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും പ്രവര്‍ത്തകരുമായ മുസ്‌ലിം ലീഗിലെ ഇതര മതസ്ഥരുടെ മുഴുവന്‍ വിശദവിവരങ്ങളും തരാന്‍ തയ്യാറാണെന്നും യു.സി രാമന്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു കൊണ്ട് തെളിച്ചമുള്ള വെളിച്ചമായി കേരളത്തില്‍ മുന്നേറുന്ന മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ അപക്വമായ പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിച്ചു കേരളീയ സമൂഹത്തോട് താങ്കള്‍ മാപ്പ് പറയണമെന്നും യു.സി രാമന്‍ പറഞ്ഞു.
മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെനന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നായിരുന്നുവെള്ളാപ്പള്ളി ചോദിച്ചത്. ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Content Highlight: Don’t you know that I was an MLA of the Muslim League twice, or is it because I am a Scheduled Caste that I am invisible?: UC Raman responds to Vellappally