ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്നുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ്.
റഫാല്‍ അഴിമതിയ്ക്ക് പിന്നിലെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മോദി സര്‍ക്കാരിന് മറച്ചുപിടിക്കാന്‍ ഔദ്യോഗിക രഹസ്യങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞത്.
മോദി ജീ, നിങ്ങള്‍ക്ക് കഴിയുന്നതുപോലെ നിങ്ങള്‍ ഓടി നടന്ന് കള്ളംപറഞ്ഞോളൂ. എന്നാല്‍ ഒട്ടും വൈകാതെ, അല്ലെങ്കില്‍ അല്പം വൈകിയാലും സത്യം പുറത്തുവരും. റഫാല്‍ അഴിമതിയിലെ ഓരോ കള്ളത്തരവും ഒന്നൊന്നായി പുറത്തുവരും. ഇനി മറച്ചുപിടിക്കാന്‍ ഒരു ഔദ്യോഗിക രഹസ്യങ്ങളും നിങ്ങളുടെ കൈയിലില്ല- രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
നിയമാനുസൃതമായ ഒരു കാര്യത്തെയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. റഫാലിലെ അഴിമതി വെളിപ്പെടുത്താന്‍ മുന്നോട്ടുവന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്താന്‍ മോദി ശ്രമിച്ചു. സാരമില്ല മോദീ ജീ അന്വേഷണം ഉടന്‍ തന്നെ നടക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും- സുര്‍ജേവാല പറഞ്ഞു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയില്‍ വന്‍ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഈ എതിര്‍പ്പ് കോടതി തള്ളി.
റഫാലുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ തെളിവായി സ്വീകരിക്കുന്നതിനെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്.
റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന ഹരജി പരിഗണിക്കവേയാണ് രേഖകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരമൊരു ചോദ്യമുയര്‍ന്നത്.
‘ദ ഹിന്ദു പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദുവില്‍ പ്രസിദ്ദീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്ര സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. റാഫേല്‍ ഇടപാടില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നത്.