Entertainment news
'തെരി' സിനിമയുടെ റീമേക്കുമായി പവന്‍ കല്യാണ്‍ ; ആത്മഹത്യാഭീക്ഷണി മുഴക്കി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 09, 06:16 am
Friday, 9th December 2022, 11:46 am

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ നായകനാവുന്ന പുതിയ ചിത്രത്തിനെതിരെ നടന്റെ ആരാധകര്‍ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ തമിഴ് ചിത്രം തെരിയുടെ റീമേക്കാണ് പുതിയ സിനിമയെന്ന അഭ്യൂഹങ്ങള്‍ വന്നതോടെയാണ് ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിച്ച് തുടങ്ങിയത്.

റീമേക്ക് ചിത്രങ്ങളല്ല, ഒറിജിനല്‍ സിനിമയാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഹരീഷ് ശങ്കര്‍ തന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള സൂചന ട്വിറ്റര്‍ പേജിലൂടെ നല്‍കിയത്.

നടന്‍ ബ്രഹ്മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ രംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ലോ മോഷനില്‍ നടക്കുന്ന നടന്റെ പിന്നിലായി ഒരു സംഘം ആളുകള്‍ പൊലീസ് വേഷത്തിലുള്ള പവന്‍ കല്യാണിന്റെ കൂറ്റന്‍ കട്ടൗട്ടും വഹിച്ചുകൊണ്ട് വരുന്നതാണ് വീഡിയോ. ‘വലിയ ഒരു അതിശയം പിന്നാലെ വരുന്നുണ്ട്’ എന്നും സംവിധായകന്‍ വീഡിയോക്ക് താഴെ കുറിച്ചു.

ഇതിന് പിന്നാലെയാണ് പവന്‍ കല്യാണിന്റെ അടുത്ത സിനിമയില്‍ അദ്ദേഹം പൊലീസ് വേഷത്തിലാണെന്നും, തെരി സിനിമയുടെ റീമേക്ക് ആണെന്നുമുള്ള വാര്‍ത്തകള്‍ പരന്നത്. ഉടന്‍ തന്നെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും, എതിര്‍പ്പുകളുമായി മുന്നോട്ട് വരുകയും ചെയ്തു. തെരിയുടെ റീമേക്കാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ തങ്ങള്‍ക്ക് ആ സിനിമ വേണ്ടായെന്നും ആരാധകര്‍ പറയുന്നു.

റീമേക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ ചെയ്തുകളയും എന്ന് സംവിധായകന് കത്തെഴുതിയ ആരാധകരുമുണ്ട്. കത്തില്‍ നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സിനേയും പരാമര്‍ശിച്ചിട്ടുണ്ട്. ‘വീ ഡോണ്ട് വാണ്ട് തെരി റീമേക്ക്’ എന്ന ഹാഷ്ടാഗിലാണ് ആരാധകര്‍ ട്വിറ്ററില്‍ പ്രതിഷേധിക്കുന്നത്.

തെരി റിലീസ് ചെയ്തപ്പോള്‍ തന്നെ സിനിമയുടെ തെലുങ്ക് ഡബ്ബ് വേര്‍ഷനും പുറത്തിറങ്ങിയിരുന്നു. ഒ.ടി.ടിയിലും, നിരവധി തവണ ടി.വിയിലും സിനിമ വന്ന്ിട്ടുണ്ട്. പവന്‍ കല്യാണിന്റതോയി അവസാനം പുറത്തിറങ്ങിയ ‘ഭീംലാ നായക്’ ‘അയ്യപ്പനും കോശിയും’ സിനിമയുടെ റീമേക്കായിരുന്നു.

 

content highlight: don’t want theri remake, hash tag adainst  pawan kalyan’s new movie