| Saturday, 9th October 2021, 3:45 pm

കുടിയേറ്റ മുസ്‌ലിങ്ങളുടെ വോട്ട് ബി.ജെ.പിയ്ക്ക് വേണ്ട: അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മിയ മുസ്‌ലിങ്ങളുടെ വോട്ട് ബി.ജെ.പിയ്ക്ക് ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബംഗാളിലെ ഒരു മുസ്‌ലിം സമുദായമാണ് മിയ.

അസമിലെ നാലോളം ജില്ലകളില്‍ മിയ വിഭാഗക്കാരുണ്ട്.

ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവ് 2021 ല്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഹിമന്തയുടെ പരാമര്‍ശം.

‘എനിക്ക് മിയ വോട്ട് വേണ്ട. ഞങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നത്. ഞാന്‍ അവരുടെ അടുത്തേക്ക് വോട്ടിന് വേണ്ടി പോകില്ല, അവരും എന്റെ അടുത്തേക്ക് വരില്ല,’ അദ്ദേഹം പറഞ്ഞു.

അസമിന്റെ വ്യക്തിത്വവും സംസ്‌കാരവും ഭൂമിയും നഷ്ടപ്പെടാന്‍ കാരണം കുടിയേറ്റ മുസ്‌ലിങ്ങളാണെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമില്‍ വര്‍ഗീയ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ മുസ്‌ലിങ്ങളുടെ എണ്ണം കൂടുന്നതാണ് കൈയേറ്റം കൂടാന്‍ കാരണമെന്നും ഹിമന്ത പറഞ്ഞു.

‘അസമിലെ നിരവധി ജനങ്ങള്‍ അങ്ങനെ കരുതുന്നു. ഇത് സ്വാതന്ത്ര്യത്തിന് മുന്‍പ് തുടങ്ങിയതാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ അസമില്‍ കൈയേറ്റമൊഴിപ്പിക്കുന്നതിനിടെ പൊലീസ് വെടിവെപ്പില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ നരനായാട്ട്.

കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Don’t want Miya votes Assam CM Himanta Biswa Sarma

We use cookies to give you the best possible experience. Learn more