| Thursday, 29th August 2024, 7:49 pm

ജാതി രാഷ്ട്രീയം മുതല്‍ ടീഷര്‍ട്ട് വരെ; രാഹുലിന്റെ മാറ്റങ്ങളെ വില കുറച്ച് കാണരുത്: സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റങ്ങളെ വിലകുറച്ചുകാണരുതെന്ന് മുന്‍ കേന്ദ്രമന്ത്രിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്‍ എതിരാളിയുമായിരുന്ന ബി.ജെ.പി നേതാവ് സമൃതി ഇറാനി.

രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ടും, അദ്ദേഹം പാര്‍ലമെന്റില്‍ നടത്തുന്ന പ്രസംഗങ്ങളും, പ്രസംഗങ്ങളില്‍ ജാതി രാഷ്ട്രീയം പറയുന്ന അദ്ദേഹത്തിന്റെ നടപടിയും യുവാക്കള്‍ക്കിടയില്‍ പ്രതിഫലനമുണ്ടാക്കുന്നു.

നല്ലതോ ചീത്തയോ ആയ അത്തരം പ്രതിഫലനങ്ങളെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടെന്നും സമൃതി ഇറാനി പറഞ്ഞു. ടോപ് ആങ്കിള്‍ വിത് സുഷാന്ത് സിന്‍ഹ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സമൃതി ഇറാനി.

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിജയം അനുഭവിച്ച് തുടങ്ങിയെന്നും സ്മൃതി ഇറാനി പറഞ്ഞു. അദ്ദേഹത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമാണ് അദ്ദേഹമിപ്പോള്‍ സംസാരിക്കുന്ന ജാതി രാഷ്ട്രീയവും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും.

ജാതിയെ കുറിച്ച് സംസാരിക്കുമ്പോഴും വെള്ള ടീഷര്‍ട്ട് ധരിക്കുമ്പോഴും അത് രാജ്യത്തെ യുവാക്കളില്‍ എങ്ങനെയാണ് സ്വാധീനമുണ്ടാക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ചില പ്രത്യേക വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അത് അപക്വമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാലും അതിനെ വിലകുറിച്ച് കാണാനാകില്ലെന്നും സമൃ്തി ഇറാനി പറഞ്ഞു.

പരാജയപ്പെട്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ഉപയോഗിക്കാറില്ലെന്നും സമൃ്തി ഇറാനി പറയുന്നു. മുന്‍ തെരഞ്ഞെടുപ്പുകളുടെ സമയത്ത് അദ്ദേഹം നടത്തിയ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടില്ലെന്നും അത് തിരിച്ചറിഞ്ഞ അദ്ദേഹം അത്തരം തന്ത്രങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്നും സമൃതി ഇറാനി പറഞ്ഞു.

ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹം വിജയം അനുഭവിച്ച് തുടങ്ങിയത് എന്നും മുന്‍കേന്ദ്ര മന്ത്രി പറഞ്ഞു.

പരമ്പരാഗതമായി നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ചുവന്നിരുന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ 2014ല്‍ സ്മൃതി ഇറാനി മത്സരത്തിനെത്തിയതോടെയാണ് രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ സ്മൃതി രാഹുലിനോട് പരാജയപ്പെട്ടെങ്കിലും 2019 സമൃതി രാഹുലിനെ പരാജയപ്പെടുത്തി.

അന്ന് വയനാട്ടില്‍ കൂടി മത്സരിച്ചത് കൊണ്ടാണ് രാഹുലിന് പാര്‍ലമെന്റില്‍ സാന്നിദ്ധ്യമാകാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ കാലം തൊട്ട് രാഹുലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള കിഷോരി ലാല്‍ ശര്‍മ സമൃതി ഇറാനിയെ പരാജയപ്പെടുത്തി.

പരാജയത്തിന് ശേഷം ഒദ്യോഗിക വസതി ഒഴിയേണ്ടി വന്ന സ്മൃതി ഇറാനിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി അതിനെ വിലക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: Don’t underestimate Rahul’s changes: Smriti Irani

We use cookies to give you the best possible experience. Learn more