ബംഗളുരു: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കര്‍ണാടകയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉണ്ടായിട്ടും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് നല്‍കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.
മൈതാനത്ത് സമയം ചെലവഴിക്കുന്നവര്‍ക്ക് മാത്രമേ യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വെറും സാമ്പിളുകള്‍ മാത്രമാണെന്നും അതിലൂടെ ഒരു സംസ്ഥാനത്തിന്റെ പൂര്‍ണചിത്രം വരച്ചുകാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങളില്‍ തൂക്കുമന്ത്രി സഭ വന്നാല്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ കര്‍ണാടകയില്‍ പാര്‍പ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജസ്ഥാനിലും മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രം ആക്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ വേട്ടയാടലിനെ ഭയന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം കര്‍ണാടക എം.എല്‍.മാരെ ഡി.കെ. ശിവകുമാര്‍ മഹാരാഷ്ട്രയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു.
ബി.ജെ.പിയില്‍ ചേരുന്നതും ജയിലില്‍ പോകുന്നതും രണ്ട് വഴികളാണെന്നും അതില്‍ താന്‍ രണ്ടാമത്തേതാണ് തെരഞ്ഞെടുക്കുകയെന്നും ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Don’t trust the exit poll results, says D.K. Shivakumar