| Friday, 13th January 2023, 3:52 pm

'ഋതുമതിയായാല്‍ വിവാഹം'; ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കരുതെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 15 വയസുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളില്‍ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി.

പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.

മുഹമ്മദീയന്‍ നിയമപ്രകാരം ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം.

പതിനെട്ട് വയസ് തികയാത്തവരെ പോക്സോ നിയമത്തില്‍ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 14 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ പോലും വിവാഹിതരാകുകയാണെന്ന് കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ ഹരജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സമാനമായ ഹൈക്കോടതി വിധികൾക്കെതിരായ ഹരജികളും സുപ്രീം കോടതി ഒന്നിച്ച് പരിഗണിക്കും.

എന്നാല്‍, ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

വിധി സ്റ്റേ ചെയ്താല്‍ പെണ്‍കുട്ടി വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് പോകേണ്ടി വരും. അത് കുട്ടി ഇഷ്ടപെടുന്നില്ലെന്നും കോടതി പറഞ്ഞു.

പിന്നാലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

തുടര്‍ന്നാണ് മറ്റ് കേസുകളില്‍ ഈ വിധി അടിസ്ഥാനമാക്കി ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.

16 കാരിയായ ഭാര്യയെ ചില്‍ഡ്രന്‍സ് ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചതിനെതാരായി 26 കാരനായ യുവാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലായിരുന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്.

മുസ് ലിം വ്യക്തിനിയമമനുസരിച്ച് 15 വയസാണ് ഒരു മുസ്‌ലിം സ്ത്രീയുടെ പ്രായപൂര്‍ത്തിയാകേണ്ട വയസെന്നും, അതിന് ശേഷം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം ഇത്തരമൊരു വിവാഹം അസാധുവാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Don’t Treat Punjab AND Haryana HC Judgment Allowing Minor Muslim Girl To Marry As Precedent: Supreme Court

We use cookies to give you the best possible experience. Learn more